ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്കൂളിന്റെ ബാൽക്കണി തകർന്നു വീണു, എട്ട് വയസുകാരന് ദാരുണാന്ത്യം. നിരവധി വിദ്യാർഥികൾക്ക് പരുക്ക്. അപകടത്തിൽ നൈസാം ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്ക് പരുക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭാലിലെ മദാല ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിന ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിൻറെ ബാൽക്കണിയാണ് വിദ്യാർഥികളുടെ മേൽ തകർന്നു വീണത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിലെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാവാതെ ഈ കോൺക്രീറ്റ് തകർന്നു വീഴുകയായിരുന്നു. വിവരമറിഞ്ഞയുടൻ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും സബ് ഡിവിഷണൽ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.





