ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആൺ സുഹൃത്ത് പിടിയിൽ. സംഭവത്തിൽ ആലപ്പുഴ ചിങ്ങോലി സ്വദേശി ശരത്ത് നൂറനാടാണ് പെോലീസിന്റെ പിടിയിലായത്. ചാരുംമൂട് സ്വദേശിയായ യുവതിയെയാണ് ഇന്നലെ രാത്രി യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ചുനിൽക്കവെ യുവതിയെ ശരത് പിന്നിൽ നിന്നും വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. താനുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായി സൗഹൃദത്തിലാണെന്ന സംശയവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി.
ഗുരുതരമായി പരുക്കേറ്റ യുവതിയെ ആദ്യം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.





