ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68) കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ലക്നൗവിലെ ഹസ്രത്ഗഞ്ചിലുള്ള എം.എൽ.എമാർക്കായുള്ള താമസസമുച്ചയത്തിൽ സംഭവം നടന്നത്.
ഹസ്രത്ഗഞ്ചിലെ ‘ദാരുൽ ഷഫ’ ന്യൂ എം.എൽ.എ റെസിഡൻസ് സമുച്ചയത്തിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വീണതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നാനക് റാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ബിജെപി ഒബിസി മോർച്ചയുടെ ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയായിരുന്ന നാനക് റാം ഭുർജി കുറച്ചുകാലമായി ഗുരുതരമായ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
നാനക് റാം വീണ കെട്ടിടത്തിൽ അദ്ദേഹത്തിന് മുറി അനുവദിച്ചിരുന്നില്ലെന്നും, എങ്ങനെ അവിടെ എത്തി, എന്തിനാണ് പോയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.


















































