തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും ആശങ്കകളും അറിയിക്കാനായി കേരള മോട്ടോർ വാഹന വകുപ്പ് പ്രത്യേക സർവേയ്ക്ക് തുടക്കം കുറിച്ചു. വാഹന മോഡിഫിക്കേഷനുകൾ സംബന്ധിച്ച് തിരുവനന്തപുരം: വാഹനങ്ങളിൽ നടത്തുന്ന മോഡിഫിക്കേഷനുകളും വ്യക്തിഗത രൂപമാറ്റങ്ങളും സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി കേരള മോട്ടോർ വാഹന വകുപ്പ് (എംവിഡി) പ്രത്യേക ഓൺലൈൻ സർവേ ആരംഭിച്ചു. വാഹനപ്രേമികൾ, ഉടമകൾ, പൊതുജനങ്ങൾ എന്നിവരുടെ നിർദേശങ്ങളും ആശങ്കകളും ശേഖരിച്ച് പ്രായോഗികവും വ്യക്തവുമായ പുതിയ നയരേഖ തയ്യാറാക്കുക എന്നതാണ് സർവേയുടെ ലക്ഷ്യം.
റോഡ് സുരക്ഷയും നിലവിലുള്ള പരിസ്ഥിതി മാനദണ്ഡങ്ങളും പൂർണമായി പാലിക്കുന്ന രീതിയിൽ വാഹന മോഡിഫിക്കേഷനുകൾക്ക് എന്തെല്ലാം ഇളവുകൾ നൽകാനാകുമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് സർവേയിലൂടെ വിലയിരുത്തുന്നത്. വാഹനങ്ങളിൽ അനുവദിക്കാവുന്ന രൂപമാറ്റങ്ങൾ, നിയമപരമായി അംഗീകരിക്കാവുന്ന പരിധികൾ, നിലവിലുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ തുടങ്ങിയ കാര്യങ്ങളിലും പ്രതികരണം രേഖപ്പെടുത്താൻ അവസരമുണ്ട്.
ഗൂഗിൾ ഫോം മുഖേനയാണ് സർവേ നടത്തുന്നത്. ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും വാഹനങ്ങളുടെ പേഴ്‌സണലൈസേഷനും മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങളോ നയപരിഷ്‌കാരങ്ങളോ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുക.

















































