കോഴിക്കോട്: പ്രിയദർശിനി ബസിൽ നിന്നും തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയായ വൈഗയ്ക്കാണ് അപകടത്തിൽ പരുക്കുപറ്റിയത്. നാദാപുരം ടിഐഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് വൈഗ.
ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. തിരക്ക് കാരണം ബസിൻറെ വാതിൽ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഈ തിരക്കിനിടയിൽ ബസിൻറെ സ്റ്റെപ്പിൽ നിൽക്കുകയായിരുന്ന കുട്ടി, വാഹനം ഓടിക്കൊണ്ടിരിക്കെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കൈയ്ക്കും പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


















































