ചെന്നൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ തട്ടകത്തിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് രംഗത്ത്. ഹാർദിക്കിനായി ഇരു ടീമുകളും തമ്മിൽ ട്രേഡ് ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡീൽ നടന്നാൽ ഹർദിക്കിന് പകരം രണ്ട് താരങ്ങളെ ചെന്നൈ വിട്ടുനൽകും.എന്നാൽ ചെന്നൈ പറഞ്ഞ താരങ്ങൾ വേണ്ടെന്നാണ് മുംബൈ പറയുന്നത്.
ഈ താര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ഫ്രാഞ്ചൈസികളും തമ്മിൽ ചെറിയ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്.
ഹാർദിക് പാണ്ഡ്യയ്ക്ക് പകരമായി യുവതാരം ആയുഷ് മാത്രെയെയും നൽകണമെന്നാണ് മുംബൈ ഇന്ത്യൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ചെന്നൈയുടെ നെടുന്തൂണുകളിൽ ഒരാളായ 19കാരനായ മാത്രെയെ വിട്ടുകൊടുക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് തയ്യാറല്ല. താരത്തിന് പരുക്കിനെ തുടർന്ന് കഴിഞ്ഞ സീസണിൽ പുറത്തിരിക്കേണ്ടി വന്നുവെങ്കിലും അടുത്ത സീസൺ താരം തൂക്കുമെന്ന് ഉറപ്പാണ്.
ആയുഷിനു പകരംവെടിക്കെട്ട് താരം ശിവം ദുബെ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെ നൽകാമെന്നുമാണ് ചെന്നൈയുടെ വാഗ്ദാനം. ഈ ഡീൽ നടന്നില്ലെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടക്കമുള്ള മറ്റ് ടീമുകളും ഹാർദിക്കിനായി രംഗത്തുണ്ട്.
















































