മലപ്പുറം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയിലും പവർകട്ടിലും യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. മലപ്പുറത്ത് നടന്ന ‘പ്രതിഷേധന വെളിച്ചം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയിൽ സന്തോഷിക്കുന്നത് മെഴുകുതിരി നിർമാതാക്കളും ഇൻവർട്ടർ കച്ചവടക്കാരുമാണ്. കടുത്ത വിമർശനങ്ങൾക്കാണ് സർക്കാർ പാത്രമാകുന്നത്. വലിയ തോതിൽ ട്രോളുകൾ ഉണ്ടാകുന്നുണ്ട്.’ റിയാസ് പറഞ്ഞു.
‘ആശുപത്രിയിലേക്ക് പോകുമ്പോൾ കൂടെ ഒരു ജെനറേറ്ററുംകൂടി കൊണ്ടുപോകേണ്ട സാഹചര്യത്തിലേക്ക് കേരളം എത്തി എന്ന തരത്തിലാണ് ട്രോളുകൾ. അത്തരം ട്രോളുകൾ ഇനിയും ഉണ്ടാകാതിരിക്കണമെങ്കിൽ യുഡിഎഫ് സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം.’ അദ്ദേഹം പറഞ്ഞു.
‘ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ വന്നാൽ, സർക്കാരിനെ തിരുത്താനുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സിപിഎം ഇനിയും നിർബന്ധിതമാകും.’ എന്നും റിയാസ് കൂട്ടിച്ചേർത്തു. ‘നാടിനെ ഇരുട്ടിലാക്കുന്ന യുഡിഎഫ് നയത്തിനെതിരെ ‘പ്രതിഷേധ വെളിച്ചം’ @മലപ്പുറം’ എന്ന പോസ്റ്റും റിയാസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

















































