വെഞ്ഞാറമൂട്: സാമൂഹികമാധ്യമത്തിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 22-കാരൻ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ സഞ്ജനെയാണ് വെഞ്ഞാറമൂട് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അമ്മയുടെ ഫോണിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് സഞ്ജു പെൺകുട്ടിയെ പരിചയപ്പെട്ടത്. താൻ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നതെന്ന് കുട്ടി അറിയിച്ചിട്ടും പ്രതി ബന്ധം തുടരുകയായിരുന്നു. ഫോൺ നമ്പർ കൈമാറി നിരന്തരം സംസാരിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് പെൺകുട്ടിയുടെ വീടിന് സമീപമെത്തിയ പ്രതി, ബൈക്കിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർഥിനി സംഭവത്തെക്കുറിച്ച് അധ്യാപകരോട് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച വെഞ്ഞാറമൂട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

















































