തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന തിരുവിതാംകൂർ രാജകുടുംബാംഗത്തിന്റെ പരാതിയിൽ പൊലീസ് നടപടി. വീരപത്മനാഭ ഗൗതം എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരി പാർവതി ഭായിയുടെ പരാതിയിലാണ് നടപടി. സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ തനിക്കെതിരെ അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചാരണം നടത്തിയെന്നാണ് ഗൗരി പാർവതി ഭായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആരോപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് വീരപത്മനാഭ ഗൗതമിന്റെ അറസ്റ്റ് രേഖപ്പെടുത്തി നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വിട്ടയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.


















































