‘തബാഹി’ എന്ന ഗാനത്തിന് ലഭിച്ച വൻ വിജയത്തിന് പിന്നാലെ, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ്, കെവിഎൻ പ്രൊഡക്ഷൻസ്, സീ മ്യൂസിക് കമ്പനി എന്നിവർ ചേർന്ന് ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘മധുമോഹിനി’ പുറത്തിറക്കി. റോക്കിംഗ് സ്റ്റാർ യഷും താര സുതാരിയയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ഗാനം പ്രണയത്തിന്റെ പുതിയ ഭാവമാണ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്.
തീവ്രമായ പ്രണയാവേശം ആഘോഷിച്ച ‘തബാഹി’യ്ക്ക് ശേഷം, ‘മധുമോഹിനി’ കൂടുതൽ ആഴത്തിലുള്ള വികാരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മൃദുലമായ സ്നേഹം, ആകാംക്ഷ എന്നിവയെ മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനം, ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ വൈകാരിക ലോകത്തിന് പുതിയൊരു മാനവും നൽകുന്നു. ഓരോ പ്രണയകഥയ്ക്കും പല തലങ്ങളുണ്ടെന്നും, ഓരോ ഘട്ടവും പ്രണയത്തിന്റെ വ്യത്യസ്ത നിറങ്ങൾ വെളിപ്പെടുത്തുന്നതാണെന്നും ഈ ഗാനം ഓർമ്മിപ്പിക്കുന്നു.
റോക്കിംഗ് സ്റ്റാർ യഷും താര സുതാരിയയും അവതരിപ്പിക്കുന്ന റായയുടെയും റെബെക്കയുടെയും ബന്ധത്തെ ഈ ഗാനം വ്യത്യസ്തമായൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. അവരുടെ മനോഹരമായ കെമിസ്ട്രിക്കൊപ്പം, പറയാതെ സൂക്ഷിക്കുന്ന വികാരങ്ങളും ഉള്ളിലെ സംഘർഷങ്ങളും ഗാനത്തിൽ നിറഞ്ഞുനിൽക്കുന്നു. ‘തബാഹി’യിൽ കണ്ട അതേ റായ തന്നെയാണെങ്കിലും, റെബെക്കയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കൂടുതൽ മൃദുലവും സ്വതന്ത്രവുമായ ഒരു വശം തുറന്നുകാട്ടുന്നു. അതേസമയം, ഉള്ളിലെ സംഘർഷങ്ങൾ ഇപ്പോഴും അദ്ദേഹത്തെ പിന്തുടരുന്നതായും ഗാനം സൂചിപ്പിക്കുന്നു.ഗാനത്തെക്കുറിച്ച് സംഗീതസംവിധായകൻ തനിഷ്ക് ബാഗ്ചി പറഞ്ഞു:“‘മധോഷ്’ ഞങ്ങളുടെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന ഒരു ഗാനമാണ്. അർസ്ലാനും ഫഹീമും ഞാനും വീണ്ടും ഒന്നിച്ചെത്തിയ ഗാനമാണിത്. ‘ടോക്സിക്’ പോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഇതിനെ കൂടുതൽ പ്രത്യേകമാക്കുന്നു. അതോടൊപ്പം, അതുല്യപ്രതിഭയായ സിദ്ധാർത്ഥ് ബസ്രൂറുമായി സഹകരിക്കാനായതിലും ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. റായയുടെയും റെബെക്കയുടെയും കഥാപാത്രങ്ങളുടെ വൈകാരിക യാത്രയെ ഈ ഗാനം മനോഹരമായി അവതരിപ്പിക്കുന്നു. പ്രണയം, ആകാംക്ഷ, പ്രണയത്തിന്റെ അതുല്യ നിമിഷങ്ങൾ എന്നിവയെ അതിസുന്ദരമായി ആവിഷ്കരിക്കുന്ന ഗാനമാണിത്. ഈ ഗാനം ഒരുക്കുമ്പോൾ ഞങ്ങൾ അനുഭവിച്ച അതേ ഹൃദയസ്പർശിയായ വികാരങ്ങൾ പ്രേക്ഷകരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.”ഗാനത്തെക്കുറിച്ച് പിന്നണി ഗായകൻ സിദ്ധാർത്ഥ് ബസ്രൂർ പറഞ്ഞു:
“‘മധോഷ്’ വേദനയെക്കുറിച്ച് മാത്രമുള്ള ഗാനമല്ല. രണ്ട് ആളുകൾക്കിടയിൽ പറയാതെ അവശേഷിക്കുന്ന എല്ലാ വികാരങ്ങളെയും കുറിച്ചുള്ള ഗാനമാണിത്. ആകാംക്ഷയും നിസ്സഹായതയും ഗാനത്തിലുടനീളം ഒഴുകുന്നുണ്ട്. അതുകൊണ്ടുതന്നെ, വേദനയെ മാത്രം പ്രതിഫലിപ്പിക്കുന്നതിനേക്കാൾ ആ വികാരങ്ങളുടെ ആത്മാർത്ഥത, ശബ്ദത്തിലൂടെ പ്രകടമാക്കാനാണ് ഞാൻ ശ്രമിച്ചത്. ഈ ഗാനം വികാരനിർഭരമാണെങ്കിലും, അതിനൊപ്പം ക്രമേണ ശക്തിപ്പെടുന്ന ഒരു തീവ്രതയും അതിലുണ്ട്. അതാണ് ഈ ഗാനത്തിന്റെ പ്രത്യേകത.”
തനിഷ്ക് ബാഗ്ചി, അർസ്ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനത്തിന് അഞ്ച് ഭാഷകളിലുമുള്ള പതിപ്പുകൾക്ക് ശബ്ദം നൽകിയിരിക്കുന്നത് സിദ്ധാർത്ഥ് ബസ്രൂറാണ്. ഒരു യഥാർത്ഥ പാൻ-ഇന്ത്യൻ സംഗീതാവിഷ്കാരമായി പുറത്തിറങ്ങിയ ഈ ഗാനം ഹിന്ദിയിൽ ‘മധോഷ്’, കന്നഡയിൽ ‘മനമോഹക’, തെലുങ്കിൽ ‘മനസാഗധേ’, തമിഴിൽ ‘തടുമാറുതേയി’, മലയാളത്തിൽ ‘മധുമോഹിനി’ എന്നീ പേരുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രമോദ് മറവാന്തെ (കന്നഡ), അർസ്ലാൻ നിസാമി, സയ്യിദ് മുറാദ് ഗിലാനി (ഹിന്ദി), രാമജോഗയ്യ ശാസ്ത്രി (തെലുങ്ക്), വിഘ്നേഷ് ശിവൻ (തമിഴ്), രാജീവ് ഗോവിന്ദൻ (മലയാളം) എന്നിവരാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. യഷ്, നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’.
യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധാനം ഗീതു മോഹൻദാസാണ്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മധുമോഹിനി ഗാനത്തിന്റെ വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക:


















































