ബംഗളൂരു: തങ്ങൾക്ക് അനുവദിച്ച സമയം കൂടാതെ ഓവർടൈം ചെയ്യാൻ വിസമ്മതിച്ച ജൂനിയർ ജീവനക്കാരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് ജോലിയെടുപ്പിച്ച് ബാങ്ക് മാനേജർ. കർണാടക ഗ്രാമീൺ ബാങ്കിന്റെ ഹാസൻ ജില്ലയിലെ അറക്കൽഗുഡ് ബ്രാഞ്ചിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. ജീവനക്കാരുടെ ജോലിസമയം വൈകുന്നേരം അഞ്ച് മണി വരെയാണ്. എന്നാൽ ആറ് മണി വരെ അധികമായി ജോലി ചെയ്ത ശേഷം വീട്ടിൽ പോകാൻ അനുവദിക്കണമെന്ന് ജൂനിയർ ജീവനക്കാർ അഭ്യർഥിക്കുന്നത് ഈ വീഡിയോയിൽ കാണാം. എന്നാൽ പോകാൻ പറ്റില്ലെന്ന് മാനേജർ പറഞ്ഞുകൊണ്ട് ഗേറ്റ് പൂട്ടി താക്കോൽ കൈവശം വെക്കുകയായിരുന്നു. ഇതിനിടെ എന്തിനാണ് ഓഫീസിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നത് എന്ന് ജീവനക്കാർ ആവർത്തിച്ച് ചോദിച്ചെങ്കിലും മാനേജർ മറുപടി നൽകുന്നില്ല.
അതേസമയം ഇതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരൻ മൊബൈലിൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ബാങ്കുദ്യോഗസ്ഥരുടെ ജീവിതം നരകതുല്യമാക്കുന്നത് ഇത്തരക്കാരായ മാനേജർമാരാണെന്നും, ഇത് ക്രിമിനൽ കുറ്റമാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് പിന്നാലെ കമന്റുകളായി എത്തുന്നത്.
Bank Manager locks gate and forces staff to stay in branch till late night pic.twitter.com/oSFLwa5O4o
— Hellobanker (@Hellobanker_in) July 19, 2026


















































