തേവര: മുഖ്യമന്ത്രി വി ഡി സതീശന്റെ അവഗണനയിൽ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. 10 വർഷക്കാലം കേരളത്തിലെ ക്യാമ്പസുകളിലും തെരുവോരങ്ങളിലും സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ പോരടിച്ച് ഇടതുപക്ഷ സർക്കാരിനെതിരെ വലിയ പോരാട്ടം നടത്തിയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. സാധാരണക്കാരായ കെ.എസ്.യു. പ്രവർത്തകരുടെ ചോരയും നീരും വിയർപ്പുമാണ് ഈ യുഡിഎഫ് സർക്കാർ. എന്നാൽ ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ച ഉണ്ടായി.
കെ.എസ്.യു. പ്രവർത്തകരെ കായികമായി അക്രമിച്ച ഒരു കൂട്ടത്തിന്റെ പ്രതിനിധി പ്ലീഡർ സ്ഥാനത്തേക്ക് എത്തിയപ്പോൾ അത് തിരുത്തണമെന്ന് ചൂണ്ടിക്കാട്ടുകയാണ് കെ.എസ്.യു. ചെയ്തത്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ തന്റെ പ്രവർത്തകരുടെ വികാരത്തെ ഉൾക്കൊള്ളുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.



















































