കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസുകാരൻ മരണത്തിനു കീഴടങ്ങി. കളിക്കിടെ വീണു ചുണ്ട് മുറിഞ്ഞ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ച എരമം സ്വദേശിയായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് മരിച്ചത്.
ചുണ്ടിന് മുറിവ് പറ്റിയതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ ബിഎംഎച്ചിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. മുറിവ് സ്റ്റിച്ചിടുന്നതിനിടെ വേദനകൊണ്ടു കരഞ്ഞ കുഞ്ഞിന് അനസ്‌തേഷ്യ നൽകുകയായിരുന്നു.
അനസ്‌തേഷ്യ നൽകിയതിനു പിന്നാലെ ഹൃദയാഘാതത്തെ തുടർന്നു കുട്ടി ബോധരഹിതനാവുകയായിരുന്നു. ഉടനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. ഇതിനിടെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടി ബോധരഹിതനാകാൻ കാരണമെന്ന ആരോപണം കുടുംബം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
















































