കാസർകോട്: വെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്കു നേരെ റാഗിങ്. സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഷർട്ടിന്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പരുക്കേറ്റ വിദ്യാർഥി പറഞ്ഞു.
സീനിയർ വിദ്യാർഥികൾ തല സ്കൂളിലെ ഇരുമ്പ് ഗ്രില്ലിൽ ഇടിപ്പിക്കുകയും നെഞ്ചത്ത് ആഞ്ഞു ചവിട്ടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ക്ലാസ് കഴിഞ്ഞശേഷം വെള്ളം കുടിക്കാനായി ബാഗിനടുത്തേക്ക് എത്തിയപ്പോഴാണ് സീനിയർ വിദ്യാർഥികൾ തന്നെ തടഞ്ഞതെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു. ആദ്യം രണ്ട് വിദ്യാർഥികൾ വന്ന് ഷർട്ടിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെടുകയും അത് അനുസരിക്കാൻ കൂട്ടാക്കാത്തതോടെ മർദിക്കുകയുമായിരുന്നു. തുടർന്ന് കൂടുതൽ പേർ കൂട്ടത്തോടെ എത്തി വളഞ്ഞിട്ട് ആക്രമിക്കുകയും പുറത്തു ചവിട്ടുകയും ഇരുമ്പ് ഗ്രില്ലിൽ കൊണ്ടുപോയി തലയിടിപ്പിക്കുകയും ചെയ്തതായി വിദ്യാർഥിയുടെ മൊഴിയിൽ പറയുന്നു.


















































