കോതമംഗലം: കുട്ടംപുഴ പഞ്ചായത്തിൽ പൂയംകുട്ടിക്ക് സമീപം കൂവപ്പാറയിൽ വീടിനു സമീപത്തെ കിണറ്റിൽ കാട്ടാന വീണു. കൂവപ്പാറ കട്ടായത്ത് അലിയാരുടെ വീടിന് സമീപത്തെ കിണറ്റിലാണ് ആന വീണത്. ആനയെ കരയ്‌ക്കെത്തിക്കാൻ സജ്ജീകരണവുമായി വനപാലകരെത്തിയെങ്കിലും കയറ്റാൻ സമ്മതിക്കാതെ നാട്ടുകാരുടെ പ്രതിഷേധം. ചൊവ്വാഴ്ച പുലർച്ചെയാണ് ആന കിണറ്റിൽ വീണത്. ആനയെ അവിടെയുള്ള വനത്തിൽ വിടാതെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഈ ആന സ്ഥിരം പ്രശ്നക്കാരനാണ്. പുലർച്ചെയുള്ള ബസെത്തുമ്പോഴേക്കും ആന റോഡിലിറങ്ങും. പ്രദേശവാസികൾക്കും കുട്ടികൾക്കും പേടിച്ചിട്ട് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കൂടാതെ ആനയുടെ തുമ്പിക്കൈയിൽ മുറിവുണ്ട്. അതു ചികിത്സിക്കാതെ കാട്ടിലേക്കു വിട്ടാൽ അതേപോലെ തിരിച്ചെത്തും. അരിക്കൊമ്പനെയൊക്കെ ഇവിടെ നിന്നു മാറ്റിയല്ലോ, അതുപോലെ ഈ ആനയേയും മാറ്റണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

















































