കൊച്ചി: സിഎംആർഎലുമായുള്ള വിവാദ സാമ്പത്തിക ഇടപാടിൽ ടി. വീണയ്ക്ക് എക്സാലോജിക് നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള സാങ്കേതികവിവരങ്ങൾ പോലും അറിയില്ലെന്ന് ഇഡി. വീണയേക്കാൾ കൂടുതൽ കുറ്റകൃത്യത്തിൽ പങ്കാളിത്തമുള്ള മറ്റാരോ എക്സാലോജിക് ഐടി സൊലൂഷൻസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതായി ഇഡിക്കു സൂചന ലഭിച്ചതായി റിപ്പോർട്ട്. ഇതാരാണെന്നു കണ്ടെത്താൻ വിശദമായ അന്വേഷണത്തിലേക്കു കടക്കുകയാണ് ഇ.ഡി ഇപ്പോൾ.
ഈ കേസിൽ ടി. വീണ പ്രതിസ്ഥാനത്തു തുടരുമെങ്കിലും അവരുടെ അറസ്റ്റുകൊണ്ട് അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ടാകുമെന്ന തോന്നൽ ഇഡിക്കില്ല. ഇതോടെ വീണയുടെ അറസ്റ്റ് ഒഴിവാക്കി പിഎംഎൽഎ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ കംപ്ലെയ്ന്റ് (കുറ്റപത്രം) സമർപ്പിക്കാനുള്ള സാധ്യതയാണു തെളിയുന്നത്. പ്രതിപ്പട്ടികയിൽ മാറ്റംവരുമെന്ന സൂചനയും അന്വേഷണസംഘം നൽകുന്നുണ്ട്.
അതേസമയം ഇഡിയുടെ പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ വീണയ്ക്കു കഴിയുന്നില്ല. എക്സാലോജിക് നൽകുന്ന സേവനവുമായി ബന്ധപ്പെട്ട സാങ്കേതികവിവരങ്ങൾ പോലും വീണയ്ക്ക് അറിയില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കുറ്റം നിഷേധിക്കാൻ തക്ക തെളിവുകൾ ഹാജരാക്കാനും വീണയ്ക്കു കഴിഞ്ഞിട്ടില്ല.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള മറുപടികൾ വീണ നൽകിയിരുന്നു. ഇതേ കേസിൽ കമ്പനികാര്യ നിയമപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കണ്ടെത്തിയ രേഖകളും ഇഡി റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളും നിരത്തി വ്യാഴാഴ്ച നടത്തിയ ചോദ്യംചെയ്യലിലാണ് ഇതിനെ പുതിയ സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചത്.

















































