കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ അജ്ഞാതൻ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തേക്ക് മുഖംമൂടി ധരിച്ച് എത്തിയ അജ്ഞാതൻ, കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
കോതമംഗലം സബ് സ്റ്റേഷൻ പടിക്ക് സമീപം താമസിക്കുന്ന അരുണ്‍ രാജീവിന്റെ വീട്ടിലായിരുന്നു സംഭവം. കാറിന് നേരെയുണ്ടായ ആക്രമണം മുഴുവൻ ക്യാമറയിൽ പതിഞ്ഞെങ്കിലും പ്രതിയുടെ മുഖം വ്യക്തമായിട്ടില്ല.
സംഭവത്തിൽ വീടിനെയും പരിസരത്തെയും പരിചയമുള്ള ആരെങ്കിലുമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണം തുടരുകയാണെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.














































