തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ മനു എം (40)നെ രണ്ടാമത്തെ കേസിലും കുറ്റക്കാരൻ എന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള കണ്ടെത്തി. ബലാൽസംഗ ശ്രമത്തിനും പ്രതിയെ കുറ്റക്കാരാനെന്ന് കോടതി കണ്ടത്തിയിട്ടുണ്ട്. വിധി ചൊവ്വാഴ്ച പറയും. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ 2018 മുതലാണ് കുട്ടി കോച്ചിങ്ങിനായി എത്തുന്നത്.
ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്നു പറഞ്ഞ് ജിമ്മിലേക്കും വിവിധ ബാത്ത്റൂമിലേക്കും മറ്റും കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇതു കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രതി എടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കേസിലെ അതിജീവിതയുടെ നഗ്ന വിഡിയോ എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രവുമല്ല, പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിങ് കൊടുക്കാതെയായി. പിന്നാലെ 2019ൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡന വിവരം പുറത്തു പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ഈ കുട്ടിക്ക് പുറമെ കോച്ചിങ് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തിൽ മനംനൊന്ത് ഇവരും വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറഞ്ഞില്ല. 2024ൽ തിരുവനന്തപുരത്ത് വച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാൻ എത്തിയ ഒരു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടപ്പോൾ ബഹളം വച്ചു.
പിന്നാലെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റു കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറു കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ഇതിൽ ഒരു കേസിൽ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. ഇപ്പോൾ രണ്ടാമത്തെ കേസിൽ ആണ് കുറ്റക്കാരൻ ആയി കണ്ടെത്തിയത്.














































