കോഴിക്കോട്: നാലാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദനം. പട്ടിക കൊണ്ട് കാലിനടിച്ചു. അധ്യാപകന് സസ്പെൻഷൻ. വേവം എൽപി സ്കൂളിലെ അധ്യാപകനായ ജംഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ജംഷീറിനെതിരെ വിദ്യാർഥിയുടെ കുടുംബം ചൈൽഡ് ലൈനിന് പരാതി നൽകിയിരുന്നു.
19ന് ആയിരുന്നു അധ്യാപകൻ വിദ്യാർഥിയെ അടിച്ചത്. വീട്ടിലെത്തി കുളിപ്പിക്കുമ്പോഴാണ് കാലിൽ അടിയേറ്റ പാടുകൾ കണ്ടത്. കാര്യമെന്തെന്ന് തിരക്കിയപ്പോഴാണ് സുഹൃത്തുമായുണ്ടായ വഴക്കിനിടെ അധ്യാപകൻ ഇടപെടുകയും ഇയാൾ പട്ടിക കൊണ്ട് തന്നെ മർദിച്ചുവെന്നും വിദ്യാർഥി പറയുന്നത്.
ഉടൻ സ്കൂളുമായി ബന്ധപ്പെട്ടെങ്കിലും വിശദീകരണമൊന്നും നൽകിയില്ല. പിന്നീട് വളയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ ഇന്ന് വിദ്യാർഥിയുടെ വീട്ടിലെത്തുമെന്നാണ് വിവരം.













































