കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് മഹുവ മൊയ്ത്രയും വിമത നിരയിലെ പ്രമുഖ കകോലി ഘോഷുമായി വാക്ക്‌പോര്.മമത ബാനർജിയെ വഞ്ചിച്ച് എൻഡിഎ സഖ്യത്തിലേക്ക് നീങ്ങുന്ന വിമത എംപിമാരെ ‘വഞ്ചകർ’ എന്ന് വിളിച്ച് മഹുവ മൊയ്ത്ര പരിഹസിച്ചപ്പോൾ, മഹുവയുടെ മുൻകാല പാർലമെന്റ് വിവാദങ്ങളും ആർ.ജി കർ മെഡിക്കൽ കോളേജ് വിഷയവും ഉയർത്തിയാണ് കാകോലി ഘോഷ് തിരിച്ചടിച്ചത്. ലോക്സഭയിൽ സ്പീക്കർക്ക് മുന്നിൽ തൃണമൂൽ കോൺഗ്രസ് വിട്ട് പ്രത്യേക ഗ്രൂപ്പായി മാറാൻ അപേക്ഷ നൽകിയ 20 വിമത എംപിമാരുടെ നീക്കത്തെ മഹുവ മൊയ്ത്ര കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പാർലമെന്റിൽ മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കാൻ വേണ്ടി മാത്രമാണ് ബിജെപി ഈ വിമതരെ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും, ആ ദൗത്യം കഴിഞ്ഞാൽ ഇവരെ കറിവേപ്പില പോലെ വലിച്ചെറിയുമെന്നും മഹുവ തമാശരൂപേണ പറഞ്ഞു.
വഞ്ചന കാണിച്ച ഈ എംപിമാർക്ക് ധൈര്യമുണ്ടെങ്കിൽ രാജിവെച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കണമെന്നും മഹുവ വെല്ലുവിളിച്ചു. എന്നാൽ, മഹുവയുടെ പരിഹാസത്തിന് തൊട്ടുപിന്നാലെ മറുപടിയുമായി കാകോലി ഘോഷ് ദസ്തിദാർ രംഗത്തെത്തി.
തൃണമൂൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ അരാജകത്വ രാഷ്ട്രീയത്തെ ബംഗാളിലെ ജനങ്ങൾ തള്ളിക്കളഞ്ഞതായി കാകോലി ഘോഷ് പറഞ്ഞു. പാർലമെന്റിലെ രഹസ്യ വിവരങ്ങളും ലോഗിൻ ഐഡിയും കൈമാറി വിവാദത്തിലായ മെഹുവ മൊയ്ത്രയുടെ ചരിത്രം രാജ്യം മറന്നിട്ടില്ലെന്ന് അവർ പറഞ്ഞു.














































