കൊച്ചി: നാടെങ്ങും ലോകകപ്പ് ഫുട്ബോൾ ലഹരിയിലാണ്. ഇതിനിടെ വൈദ്യുതി മുടക്കം വന്നാലെന്ത് ചെയ്യും… എവിടെ വൈദ്യുതി ഇല്ലെങ്കിലും കെഎസ്ഇബി ഓഫിസിൽ ഉണ്ടാകാതിരിക്കില്ലല്ലോ…മത്സരത്തിനിടെ വൈദ്യുതി നിലച്ചതോടെ കെഎസ്ഇബി ഓഫീസിൽ എത്തി കളി കണ്ട് യുവാക്കളുടെ പ്രതിഷേധം. ബുധനാഴ്ച എറണാകുളം കാഞ്ഞൂർ പുതിയേടം കെഎസ്ഇബി ഓഫീസിലായിരുന്നു വേറിട്ട പ്രതിഷേധമുണ്ടായത്.
ഫുട്ബോൾ ആരാധകരുടെ പ്രിയതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടണിഞ്ഞ കളത്തിലിറങ്ങുന്നത് കാണാൻ കാത്തിരുന്നരുടെ ഇടയിലാക്കേണ് വൈദ്യുതി മുടക്കം എത്തിയത്. പോർച്ചുഗൽ- കോംഗോ മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതോടെ യുവാക്കൾ മൊബൈൽ ഫോണുമായി കെഎസ്ഇബി ഓഫീസിലേക്ക് എത്തുകയായിരുന്നു. പിന്നീട് അവിടെ ഇരുന്നാണ് കളി കണ്ടത്. വീണ്ടും വൈദ്യുതി മുടങ്ങിയാൽ സമാന പ്രതിഷേധം തുടരുമെന്ന് യുവാക്കൾ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വൈകിട്ട് 6 മുതൽ 12 മണിക്കിടയിൽ വിവിധ സമയങ്ങളിലായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. വൈദ്യൂതി ലഭ്യതയിൽ വൻ കുറവ് വന്നതിനാലാണ് ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.















































