റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിൽ വ്യോമാക്രമണ ഭീഷണി സംബന്ധിച്ച അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ. സൗദി സിവിൽ ഡിഫൻസിന്റെ പേരിൽ പൊതുജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്കാണ് മുന്നറിയിപ്പ് സന്ദേശം എത്തിയത്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ആളുകൾ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും സന്ദേശത്തിൽ നിർദേശിച്ചിരുന്നു.
വീടുകൾക്കുള്ളിൽ തന്നെ തുടരുകയോ, ജനലുകളിലും വാതിലുകളിലും നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും സിവിൽ ഡിഫൻസ് നൽകുന്ന നിർദേശങ്ങൾ കർശനമായി അനുസരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
നിലവിൽ സ്ഥിതിഗതികൾ സുരക്ഷാ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു.

















































