ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് രഞ്ജിനിയുടെ തുറന്നു പറച്ചില്‍. ആ വാക്കുകളിലേക്ക്:ഫെയിം വന്ന ശേഷം ചിലപ്പോള്‍ ചില അസാധാരണ സംഭവങ്ങള്‍ നേരിടേണ്ടി വന്നു. മോബ് മെന്റാലിറ്റിയെക്കുറിച്ച് ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. പക്ഷെ സ്ത്രീയെ ഒബ്‌ജെക്ടിഫൈ ചെയ്യുന്ന ചില അനുഭവങ്ങള്‍ പ്രശസ്തയായ ശേഷമുണ്ടായി. ഷോകള്‍ക്ക് വേണ്ടി യാത്ര ചെയ്യാറുണ്ട്. ആദ്യത്തെ ഷോ പതിനെട്ടാം വയസിലായിരുന്നു. യുകെയും സ്വിറ്റ്‌സര്‍ലണ്ടിലും ജര്‍മനിയിലും പോയി. ജയറാമേട്ടനും പാര്‍വതി ചേച്ചിയും ഉണ്ടായിരുന്നു.
വളരെ മനോഹരമായ അനുഭവമായിരുന്നു. എല്ലാ ഷോയും അങ്ങനെയാകുമെന്നാണ് ഞാന്‍ കരുതിയത്. കണ്ണൂര്‍ ഒരു പരസ്യത്തിനായി പോയി. ഷൂട്ടൊക്കെ കഴിഞ്ഞ് പോകാന്‍ നേരം നിന്നൂടെ എന്ന് ചോദിച്ചു. റൂമിലേക്ക് പോയപ്പോള്‍ ക്ലയന്റ് പ്രതിഫലം തരാന്‍ റൂമിലേക്ക് വന്നു. പണം വാങ്ങിയ ശേഷം ഞാന്‍ നന്ദി പറഞ്ഞു. പക്ഷെ അയാള്‍ പോകുന്നില്ല, നില്‍ക്കുന്നില്ലേ നില്‍ക്കുന്നില്ലേ എന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് മനസിലായില്ല. അതും ഇതിന്റെ ഭാഗമാണെന്ന് അയാള്‍ പറഞ്ഞു. ആരാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞതാണെന്ന് പറഞ്ഞു. ഞാന്‍ അയാളുടെ കൂടെ കിടക്കണമെന്ന്. ഞാന്‍ അയാളേയും കൂട്ടി കോര്‍ഡിനേറ്ററെ വിളിച്ചു വരുത്തി ചോദിച്ചു. രണ്ട് പേരും പരുങ്ങലിലായി. ശേഷം ഞാന്‍ അയാളേയും കൊണ്ട് അയാളുടെ വീട്ടില്‍ പോയി. നേരത്തെ വീട്ടില്‍ പോയി ഭാര്യയെ കാണണം എന്ന് പറഞ്ഞതായിരുന്നു. എന്റെ വണ്ടിയില്‍ അയാളുടെ വീട്ടിലേക്ക് പോയി. വഴിയിലത്രയും ഞാന്‍ അയാള്‍ക്ക് ക്ലാസെടുത്തു. അയാള്‍ കുറേ സോറി പറഞ്ഞു. പിന്നെ ഞാനായിട്ട് അയാളുടെ കുടുംബം നശിപ്പിക്കെണ്ടന്ന് കരുതി.
ആ വീട്ടില്‍ അവന്റെ അമ്മയും ഭാര്യയും മക്കളും സഹോദരിമാരും അവരുടെ മക്കളുമൊക്കെയായി കൂട്ടുകുടുംബം. വളരെ നല്ല വ്യക്തികളായിരുന്നു. ഫുള്‍ സല്‍ക്കാരം. ഒരു സൈഡില്‍ മാന്യമായ ജീവിതവും മറ്റേ സൈഡില്‍ പോക്രിത്തരവും. എങ്കിലും അവരെ കണ്ടതോടെ ഞാന്‍ തിരിച്ചിറങ്ങി. അല്ലെങ്കില്‍ തന്നെ മോഡലിങ് രംഗത്ത് നില്‍ക്കുമ്പോള്‍ വേശ്യ എന്നൊക്കെയുള്ള വിളിയും പറച്ചിലും ഒരുപാട് കേള്‍ക്കുന്നതാണ്. പലരുടെയും കൂടെ കിടന്നാണ് ഞങ്ങള്‍ കാശുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം. അത് ഏറ്റവും എളുപ്പമുള്ള എന്റര്‍ടൈന്‍മെന്റ് ആണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കാന്‍ അല്പം പാടാണ്. എന്നാലും അയള്‍ എന്നോട് ചോദിക്കാന്‍ എങ്ങനെ ധൈര്യം കാണിച്ചു എന്നാണ്. ഞങ്ങള്‍ ജോലിയാണ് ചെയ്യുന്നത്.
അല്ലാതെ കൂടെ കിടക്കലല്ല. അതുകൊണ്ടാണ് ഇത്രയും വര്‍ഷം ഇന്റസ്ട്രിയില്‍ നില്‍ക്കുന്നത്. ഒരിക്കല്‍ നമുക്കെല്ലാം അറിയുന്ന ഒരു നടന്‍, എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു, ഒരിക്കല്‍ ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു. എന്നോടും അതുപോലൊരു ഫോട്ടോ അയക്കാന്‍ പറഞ്ഞു. മറ്റൊരിക്കല്‍ ഒരു പ്രശസ്തനായ മ്യുസീഷ്യന്‍ കൂടെ കിടക്കാമോ എന്ന് ചോദിച്ചു. ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. അയാളുടെ മറുപടി താന്‍ എല്ലാ വാതിലും മുട്ടും തുറക്കുന്നതാണെങ്കില്‍ തുറക്കും ഇല്ലെങ്കിലും കുഴപ്പമില്ല എന്നായിരുന്നു. ഇതാണ് ലോകം. എനിക്ക് ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ എങ്ങനെ ആയിരിക്കും എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.

















































