പെരമ്പൂർ: ചെന്നൈ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ കൈകാലുകളും തലയും ഇല്ലാതെ ട്രോളി ബാഗിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിൻറെ ഭാര്യയും കാമുകനും അറസ്റ്റിൽ. വെള്ളിയാഴ്ച രാവിലെ ആണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിൽ പുരുഷന്റെ കൈകാലുകളും തലയുമില്ലാത്ത ഉടൽ കണ്ടെത്തിയത്. അസം സ്വദേശി അമീർ അലിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിൻറെ ഭാര്യ രോഹിമ, കാമുകൻ അഷറഫ് എന്നിവർ അറസ്റ്റിലായി. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉറക്കഗുളിക നൽകി മയക്കിയതിന് ശേഷം കൊലപ്പെടുത്തി ശരീരഭാഗങ്ങൾ മുറിച്ച് പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അമീർ അലിയുടെ തല ഉപേക്ഷിച്ചത് ചെങ്കൽപ്പെട്ട് ജില്ലയിലാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇതോടെ തല കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം യുവാവിന്റെ അടിവസ്ത്രത്തിലെ ബാർകോഡ് ആണ് അന്വേഷണത്തിൽ നിർണായകം ആയതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെയാണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പോകുന്ന കോണിപ്പടിയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു നീല ട്രോളി ബാഗ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പോലീസിനെ വിവരമറിയിച്ചു.
തുടർന്ന് ജി.ആർ.പി സംഘം സ്ഥലത്തെത്തി പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് തലയില്ലാതെ പുരുഷന്റെ ഉടൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയും കൈകാലുകളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ഗവൺമെന്റ് കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമീർ അലിയുടെ അടിവസ്ത്രത്തിലെ ബാർകോഡ് വെച്ച് ഇത് വാങ്ങിയ കട കണ്ടെത്തിയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. റെയിൽവേ സ്റ്റേഷനിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.


















































