തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് രക്ഷപ്പെട്ടു. നാലാഞ്ചിറയിൽ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36)യെയാണ് ഭർത്താവ് സുരേഷ് (46) മക്കളുടെ മുന്നിൽ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയത്. തുടർന്ന് കാറിൽ രക്ഷപ്പെട്ട സുരേഷിനെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിലിലാണ് പോലീസ്.
അമ്മയെ പിതാവ് കൊലപ്പെടുത്തുമ്പോൾ 18, 17, 7, 8 വയസുള്ള നാലു മക്കളും ഹസീനയുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ മക്കളുണർന്നത് അമ്മയുടെ അലറിക്കരച്ചിൽ കേട്ടായിരുന്നു. ഓടി അമ്മയും അച്ഛനും കിടക്കുന്ന മുകൾനിലയിലെ മുറിക്കുള്ളിലെത്തി നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മകനാണ് അമ്മയെ അച്ഛൻ കൊന്ന വിവരം പോലീസിൽ വിളിച്ചറിയിച്ചത്.
അതേസമയം നാലു മാസം മുമ്പാണ് ഇവർ നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്. സുരേഷും ഹസീനയും തമ്മിൽ നേരത്തേ തന്നെ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ദിവസങ്ങൾക്കു മുൻപ് ഹസീന വീട്ടിൽനിന്നു പോയി. തുടർന്ന് സുരേഷ് പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനടയിൽ ഹസീനയെ തിരികെ കൊണ്ടുവരാനായി വിഷം കഴിച്ച് ജീവനൊടുക്കാനും സുരേഷ് ശ്രമിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിളിച്ച് സംസാരിച്ചതിനെ തുടർന്ന് ഹസീന തിരിച്ചെത്താൻ സന്നദ്ധത അറിയിച്ചു. ഇന്നലെ ഇവരെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് ഹസീനയുടെ മാതാവിനെയും മക്കളെയും കൂട്ടിയാണ് വീട്ടിലേക്കു വിട്ടത്. എന്നാൽ ഇന്ന് പുലർച്ചെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. തുടർന്ന് അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയുടെ കഴുത്തറുത്തത്. ശേഷം കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷമാണ് സുരേഷ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഹസീനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



















































