നെടുങ്കണ്ടം: മുഖ്യമന്ത്രി വി. ഡി സതീശനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരന് സസ്‌പെൻഷൻ. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ സുനിൽകുമാറിനെതിരെയാണ് നടപടി സ്വീകരിച്ചത്. കോട്ടയം സി.എം.ഡി. സ്‌ക്വാഡ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് സർക്കാർ ജീവനക്കാരുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അറിഞ്ഞിരിക്കെ, മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം ഉൾപ്പെടുത്തി പരിഹാസപരമായ കുറിപ്പോടെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത് സർവീസ് ചട്ടങ്ങളുടെയും ഔദ്യോഗിക അച്ചടക്കത്തിന്റെയും ലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, സസ്‌പെൻഷന്റെ കാലാവധി സംബന്ധിച്ച് ഉത്തരവിൽ വ്യക്തത നൽകിയിട്ടില്ല. സുനിൽകുമാർ ഇടത് അനുകൂല സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ. (സി.ഐ.ടി.യു.) പ്രവർത്തകനാണ്.

















































