തിരുവനന്തപുരം: പി. സരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ജിന്റോ. സരിന്റെ പ്രസ്താവനയുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, എൽ.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കഴിഞ്ഞ പത്തുവർഷത്തെ ഭരണപരാജയങ്ങളെ മുൻനിർത്തിയാണ് ജിന്റോയുടെ കുറ്റപ്പെടുത്തൽ. ‘മൂപ്പിച്ച് മൂപ്പിച്ച് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവാക്കി. എന്നാലും തള്ളിന് ഒരു കുറവുമില്ല’, എന്ന് ജിന്റോ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
കഴിഞ്ഞ പത്തു വർഷക്കാലം ഇവരൊക്കെ കൂടി ഭരണം എന്താണെന്ന് കാണിച്ചുതന്നതുകൊണ്ടാണ് ഒടുവിൽ പശുക്കളെയും കൊണ്ട് ‘കാരണഭൂതന്’ കൊട്ടാരം ഒഴിയേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയിപ്പോൾ പ്രതിപക്ഷം എന്താണെന്ന് ഈ നാടിനെ അറിയിക്കുമെന്നാണ് അവകാശപ്പെടുന്നത്. വകതിരിവില്ലാത്ത സമരങ്ങളുമായി നാട് നശിപ്പിക്കാനാണ് ഇവരുടെ പ്ലാനെന്നും ജിന്റോ കുറ്റപ്പെടുത്തുന്നു. ഇ
പ്പോൾ പ്രതിപക്ഷത്തെങ്കിലുമുള്ള പാർട്ടിയുടെ കൊടി പിടിക്കാൻ പോലും ആരുമില്ലാത്ത വിധം ജനങ്ങൾ ഇവരെ പാഠം പഠിപ്പിക്കുമെന്നും, ഇവരൊക്കെ കൂടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എന്തൊക്കെയാണെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാമെന്നും പറഞ്ഞാണ് ജിന്റോ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇടത് മുന്നണിയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെയും പ്രതിപക്ഷ പ്രഖ്യാപനങ്ങളുടെയും പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ ചർച്ചയാകുന്നത്.


















































