റാന്നി: എപ്പോഴോ സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പ് യാത്രയ്ക്കിടയിൽ യുവതിയെ കടിച്ചു. വയ്യാറ്റുപുഴ വല്യാന്റുപറമ്പിൽ സോനു തോമസിനാണ് (28) പാമ്പിന്റെ കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വടശേരിക്കരയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ സ്കാനിങ് സെന്ററിൽ ജോലിക്കു പോകുന്നതിനിടെ സ്കൂട്ടറിൽ നിന്ന് കയ്യിൽ എന്തോ കുത്തി.
സ്കൂട്ടറിന്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് പാമ്പിന്റെ തല ഉയർന്നു വരുന്നതു കണ്ടത്. കയ്യിൽ നോക്കിയപ്പോൾ ചോര പൊടിയുന്നതും കണ്ടു. ഉടനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടി. പിന്നാലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണലിയാണെന്നാണ് നാട്ടുകാർ പറഞ്ഞതെന്നും സോനു പറഞ്ഞു.


















































