അംബേദ്‌കർ നഗർ: ഉത്തർപ്രദേശിലെ അംബേദ്‌കർ നഗർ ജില്ലയിലെ മീരൻപൂരിൽ പ്രായപൂർത്തിയാകാത്ത നാല് സഹോദരങ്ങളെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷഫീഖ് (14), സൗദ് (12), ഉമർ (8), ബാനോ (6) എന്നീ നാല് കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് ഇഷ്ടികയും മാരകായുധങ്ങളും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനു ശേഷം കുട്ടികളുടെ അമ്മയായ ഗാസിയ ഖാത്തൂണിനെ (35) കാണാതായിട്ടുണ്ട്. ഇവരാണ് ഈ കൊലയാളിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.
അതേസമയം വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. കൊലപാതകങ്ങൾക്ക് ശേഷം വീടിന്റെ ബാൽക്കണിയിൽ നിന്ന് ചാടി ഗാസിയ ഖാത്തൂൺ രക്ഷപ്പെട്ടുവെന്ന് പോലീസ് സംശയിക്കുന്നു. അയൽവാസികൾ വിവരമറിയിച്ച് സ്ഥലത്തെത്തിയ പോലീസ് വീടിൻ്റെ വാതിൽപൊളിച്ച് അകത്ത് കടന്നപ്പോഴാണ് നാല് സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടികളുടെ പിതാവ് നിയാസ് കഴിഞ്ഞ ഒന്നര വർഷമായി സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഇയാൾ വിദേശത്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി വിവരമുണ്ട്. ഇത് ഗാസിയയെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ഗാസിയയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. കുട്ടികൾ ഈ ബന്ധത്തിന് തടസമാകുമെന്ന് കരുതിയാകാം കൂട്ടക്കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. അബേദ്‌കർ നഗർ എസ്പി പ്രാചി സിങ്ങിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അമ്മയ്ക്കായി തെരച്ചിൽ നടക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

















































