കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി. വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് മാറ്റിയത്. വിനോദയാത്രയുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂൾ പി.ടി.എ. പ്രസിഡന്റിനെ ചുമതലയിൽനിന്ന് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്.
വിനോദയാത്രാ ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ. യാത്രയ്ക്ക് ആർ.ആർ.ഡി.യുടെ അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ടിയിരുന്ന യാത്ര അഞ്ചുദിവസം വരെ നീട്ടിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
തനിക്കെതിരായ മദ്യപാന ആരോപണം നിഷേധിച്ച് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ നേരത്തെ രംഗത്തെത്തിയിരുന്നു. രക്തപരിശോധനാ ഫലം നെഗറ്റീവായിരുന്നുവെന്നും താൻ നേരിട്ട മാനസികപ്രയാസത്തിന് ആര് മറുപടി പറയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യം ജയിച്ചതിന്റെ ഉദാഹരണമാണ് പരിശോധനാഫലമെന്നും തനിക്കും കുടുംബത്തിനും വലിയ മാനസികപ്രയാസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ പോലീസിൽ പരാതിയൊന്നുമില്ലെന്നും കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകളുണ്ടായെങ്കിലും അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഷിവി കൃഷ്ണൻ വ്യക്തമാക്കി. പരിശോധനയ്ക്ക് വിധേയനാകാൻ തനിക്ക് ബാധ്യതയില്ലായിരുന്നുവെന്നും എന്നാൽ തന്റെ സത്യസന്ധത തെളിയിക്കാനാണ് രക്തപരിശോധനയ്ക്ക് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
വിനോദയാത്രാ വിവാദത്തിനു പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടായോ എന്ന് സംശയിക്കുന്നതായും പി.ടി.എ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്നും ഷിവി കൃഷ്ണൻ ആരോപിച്ചു. കുട്ടികളും ഇപ്പോൾ വലിയ പ്രയാസത്തിലാണെന്നും തനിക്കെതിരെ നടന്ന നീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.