വിവാഹവും ജാതിയും സംബന്ധിച്ച് മാച്ച് മേക്കിങ് പ്ലാറ്റ്‌ഫോമായ ‘ദി ഡേറ്റ് ക്രൂ’ വിന്റെ സ്ഥാപക ഓന്ദ്രില കപൂര്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഉപരിവർഗ കുടുംബത്തിൽ നിന്ന് വരുന്ന പുരോഗമനവാദികളെന്ന് തോന്നിപ്പിക്കുന്ന ഒരു കുടുംബത്തിൽ നിന്നുള്ള 32-കാരിയുടെ വിവാഹത്തിന്റെ ‘ഡിമാൻഡു’കളെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. ഉയർന്ന ജാതിയിൽപെട്ട ഒരു പങ്കാളിയെ വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. അതേസമയം വർഷം 80 ലക്ഷമെങ്കിലും വരുമാനമുണ്ടെങ്കിൽ ജാതി കുഴപ്പമില്ലെന്നും യുവതി പറഞ്ഞതായി കുറിപ്പിലുണ്ട്.
മറ്റൊരു ജാതിയിൽനിന്ന് വിവാഹം ചെയ്യാൻ മാതാപിതാക്കൾ ഒരിക്കലും സമ്മതിക്കില്ലെന്നും അതിനാലാണ് താൻ ജാതി നോക്കുന്നതെന്നും അവർ പറഞ്ഞുവെന്നും കുറിപ്പിലുണ്ട്. നഗരങ്ങളിൽ കഴിയുന്ന പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവർ മാട്രിമോണിയൽ സൈറ്റുകളിൽ ജാതി ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് ആദ്യം നിർത്തണമെന്നും ഒന്ദ്രില പറയുന്നു. ഇക്കാര്യത്തെ കുറിച്ച് യുവാക്കളോട് മാതാപിതാക്കൾ തുറന്ന് സംസാരിക്കണം.
ജാതിയെ സാമൂഹിക പദവിയുടെ പ്രശ്‌നമായിട്ടാണ് ആളുകൾ കാണുന്നത്. വലിയ തുക ശമ്പളമുണ്ടെങ്കിൽ പണം കൊണ്ട് ആ സാമൂഹിക പദവി വാങ്ങാം എന്നാണ് ആളുകൾ കരുതുന്നത്. അതുകൊണ്ടാണ് അവിടെ ജാതി പ്രശനമില്ലെന്ന് പറയുന്നതെന്നും ഒന്ദ്രില കുറിച്ചു.

















































