ന്യൂഡൽഹി: വിവാഹബന്ധത്തിന് പുറത്തുള്ള ലിവിങ്-ടുഗദർ ബന്ധങ്ങൾ തകരുന്നത് ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നിരീക്ഷണം. ഇത്തരം ബന്ധങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ കോടതി, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ എങ്ങനെയാണ് പിന്നീട് ബലാത്സംഗ കുറ്റമായി മാറുന്നതെന്നും ചോദിച്ചു. വിവാഹം കഴിക്കാതെ വർഷങ്ങളോളം ഒന്നിച്ചു താമസിക്കുകയും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടാവുകയും ചെയ്ത ശേഷം ബലാത്സംഗം, മർദനം എന്നീ പരാതികളുമായി വരുന്നത് കോടതി ചോദ്യം ചെയ്തു.
‘ഇതൊരു ലിവിങ്-ടുഗദർ ബന്ധമാണ്. വിവാഹം കഴിക്കാതെ ആ പുരുഷനോടൊപ്പം കഴിയാൻ അവർ തീരുമാനിച്ചു. ആ ബന്ധത്തിൽ അവർക്ക് ഒരു കുട്ടിയുമുണ്ടായി. ഇപ്പോൾ അവർ പറയുന്നത് ബലാത്സംഗം എന്നാണ്. ഇതെന്താണ്?” – ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഇക്കാര്യങ്ങൾ ചോദിച്ചാൽ ഇരയെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാറുണ്ട്.
എന്നാൽ, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ക്രിമിനൽ കുറ്റം എവിടെയാണ് വരുന്നത് എന്നത് പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹമെന്ന നിയമപരമായ കെട്ടുറപ്പില്ലാതെ ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുമ്പോൾ അതിൽ സ്വാഭാവികമായും ചില അപകടസാധ്യതകൾ ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു.















































