കോട്ടയം: ക്ഷേത്രോത്സവ പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി. നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തി ഗാനം പാടിയതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലുള്ള അവസ്ഥയെ തകര്‍ക്കരുതെന്നും ക്ഷേത്ര കമ്മിറ്റി അഭ്യര്‍ഥിച്ചു. നന്ദഗോവിന്ദം ഭജന്‍സ് നടത്തിയ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഈ സാഹചര്യത്തില്‍ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോള്‍. നന്ദഗോവിന്ദം ഭജന്‍സ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു.
ക്ഷേത്ര പുനര്‍നിര്‍മാണം നടക്കുന്നതു കൊണ്ട് അതിന് ഒരു പ്രചാരണമെന്ന രീതിയില്‍ നന്ദഗോവിന്ദം ഭജന്‍സ് സൗജന്യം ആയി ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേര്‍ വളരെയധികം വിവാദത്തില്‍ എത്തിച്ചിരിക്കുകയാണ്. ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതില്‍ക്കെട്ടിനകത്തല്ല. അതിനുള്ളില്‍ സ്ഥലമില്ലാതിരുന്നതു കൊണ്ട് വെളിയില്‍ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്. തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല, എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്.
നന്ദഗോവിന്ദത്തിന്റെ സ്വന്തം തട്ടകം, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്, നവീന്‍ എല്‍കെജി മുതല്‍ പഠിച്ചത് ഇവിടത്തെ പള്ളി സ്‌കൂളിലാണ്. പഠിപ്പിച്ചതില്‍ എല്ലാ വിഭാഗത്തിലുമുള്ള ടീച്ചര്‍മാരുമുണ്ട്. അതിനാല്‍ത്തന്നെ പ്രോഗ്രാം കേള്‍ക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ് പ്രോഗ്രാം കണ്‍ട്രോള്‍ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവര്‍ക്കും പ്രോഗ്രാം കാണുന്നതിനും കേള്‍ക്കുന്നതിനും ജാതിമതഭേദമന്യേ പാസുകള്‍ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേള്‍ക്കുകയും ചെയ്തു. ഈ അമ്പലത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മള്‍ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോള്‍ അവര്‍ വഴിയരികില്‍ തിരി തെളിയുന്നതുമെല്ലാം വര്‍ഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും.
അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോള്‍ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോള്‍ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാര്‍ദത്തെ എല്ലാവരുംകൂടി തകര്‍ക്കരുത് എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂവെന്ന് ക്ഷേത്ര കമ്മിറ്റി പറയുന്നു.















































