കണ്ണൂർ: നിതിന്റെ മരണത്തിനു പിന്നാലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും തങ്ങളുടെ തസ്തികകളിൽ നിന്നും രാജിവെച്ചു. വകുപ്പിലെ ഏഴ് ജീവനക്കാർ ഒന്നിച്ചാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. എന്നാൽ ജീവനക്കാരുടെ ഈ രാജിക്കത്തുകൾ നിലവിൽ കോളേജ് മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളേജിൽ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിതിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വിദ്യാർഥികൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കടുത്ത ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഇപ്പോൾ വകുപ്പിലെ മുഴുവൻ ജീവനക്കാരും കൂട്ടമായി രാജിവെച്ചിരിക്കുന്നത്.
















































