ഇസ്ലാമാബാദ്: 21 മണിക്കൂറോളം നീണ്ട യുഎസ് ഇറാൻ മാരത്തൺ ചർച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. വാർത്താസമ്മേളനം നടത്തിയ വാൻസ്, ഇറാനുമായുള്ള ചർച്ചകളിൽ ഒരു ഉടമ്പടിയില്ലാതെ അമേരിക്കൻ ഉദ്യോഗസ്ഥർ പാകിസ്താനിൽ മടങ്ങിപ്പോകുകയാണെന്നും അറിയിച്ചു.
‘ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാർത്തയാണ്. ഇത് അമേരിക്കയെക്കാൾ ഇറാനാണ് കൂടുതൽ ബാധിക്കുക എന്ന് ഞാൻ കരുതുന്നു. അതിനാൽ, ഞങ്ങൾ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്… ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല…ചർച്ചകളിൽ എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നല്ല. അവർ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികൾക്കും ഞങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താൻ സഹായിക്കാൻ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങൾ ചർച്ച ചെയ്തു. അതാണ് നല്ല വാർത്ത. ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാർത്ത’ വാൻസ് പറഞ്ഞു.
അമേരിക്കയുമായുള്ള ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതായി ഇറാനിയൻ വാർത്താ ഏജൻസികളും സ്ഥികരിച്ചു.യുഎസിന്റെ ‘അമിതമായ ആവശ്യങ്ങൾ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി’ ഇറാൻ അധികൃതർ പറഞ്ഞു.ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങൾ, ഇറാന്റെ ആണവ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാൻ അധികൃതർ കൂട്ടിച്ചേർത്തു.

















































