കൊച്ചി: പെരുമ്പാവൂരിൽ മോഷണമാരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിൽ മൊബൈൽ ഫോൺ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളും അതിഥി തൊഴിലാളിയാണ്. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞാണ് ആക്രമണം. മൂന്ന് സഹോദരന്മാർ ഉൾപ്പെടെ ആറ് പേർ ചേർന്ന് യുവാവിനെ ആക്രമിച്ചു. പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച് അടിച്ചതിനെ തുടർന്ന് മുഖത്തും വയറിലും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. പല്ലുകൾ ഒടിഞ്ഞു പോയി.
സംഭവത്തിൽ അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലുള്ളത്.















































