തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ 1202 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പ് പോരിനിറങ്ങിന്നത്. ഇവർക്കായി 2039 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധന ഇന്നു നടക്കും. പത്രികകൾ പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും.
ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് കോഴിക്കോട് ജില്ലയിലാണ്, 141പത്രികകൾ, രണ്ടാമത് മലപ്പുറം(137), തിരുവനന്തപുരം (136). അതേസമയം കുറവ് പത്രികകൾ സമർപ്പിക്കപ്പെട്ടത് വയനാട് ജില്ലയിലാണ്. മണ്ഡലങ്ങളിൽ മുൻപിൽ കൊടുവള്ളിയാണ്. ഇവിടെ 18 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. 2021-ൽ 1061 സ്ഥാനാർഥികൾക്കായി 2180 പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കൽ പൂർത്തിയായ ശേഷം 957 പേരാണ് മത്സരത്തിനുണ്ടായിരുന്നത്.



















































