ചെന്നൈ: ഐപിഎല്ലിന് കൈവിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ ലോകകപ്പ് ഹീറോ സഞ്ജു സാംസന്റെ അരങ്ങേറ്റത്തിനു കാത്തിരിക്കുകയാണ് ആരാധകർ. ട്വന്റി20 ലോകകപ്പിലെ വെടിക്കെട്ടിന്റെ തുടർച്ച ഐപിഎലിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ടീമിൽ സഞ്ജുവിന്റെ റോൾ എന്താകുമെന്ന് സംബന്ധിച്ചും ചർച്ചകൾ പലതും നടക്കുന്നുണ്ട്. ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച താരം, വിക്കറ്റ് കീപ്പറാകുമോ എന്നതാണ് പ്രധാന ചോദ്യം. എംഎസ് ധോണിയുള്ള ടീമിൽ, ഇത്തവണ ഗ്ലൗസ് സഞ്ജുവിനു കൈമാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. മുൻ ചെന്നൈ താരം കൂടിയായ ആർ. അശ്വിന്റെ പോസ്റ്റും ചർച്ച കൊഴുപ്പിച്ചിട്ടുണ്ട്.
ഫീൽഡിങ് കോച്ച് ജെയിംസ് ഫോസ്റ്ററുടെ മേൽനോട്ടത്തിൽ, ബൗണ്ടറിയിൽ ക്യാച്ചിങ് പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ചിത്രങ്ങളാണ് അശ്വിൻ പങ്കുവച്ചത്. പുതുതായി സിഎസ്‌കെയിലെത്തിയ താരം കീപ്പിങ് ഗ്ലൗസുകൾ ഇല്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുകയാണെന്ന് അശ്വിൻ ചിത്രത്തോടൊപ്പം കുറിച്ചു. എന്നാൽ ഈ പരിശീലനങ്ങൾ എന്തെങ്കിലും തന്ത്രപരമായ സൂചനയാണോ അതോ സാധാരണ പ്രീ-സീസൺ തയാറെടുപ്പാണോ എന്നും അശ്വിൻ ചോദിച്ചു.
‘‘സഞ്ജു ഫോസ്റ്ററോടൊപ്പം ഹൈ ബോളുകൾ പരിശീലിക്കുന്നു?? ഇത് പരിശീലിക്കുന്നതാണോ അതോ വിക്കറ്റ് കീപ്പർ സ്ഥാനം ലോക്ക് ആണെന്നതിന്റെ സൂചനയാണോ? സിഎസ്‌കെ ഫീൽഡിങ് ഇനി എലൈറ്റ് ആയിരിക്കും.’’, ‘‘ഇതൊരു സൂചനയാണ്, സഞ്ജു ഫീൽഡ് ചെയ്യുകയും എംഎസ് കീപ്പിങ് തുടരുകയും ചെയ്യും. അടുത്ത വർഷത്തെ ഐപിഎൽ വരെ ഇത് തുടർന്നേക്കാം, അതിനുശേഷം എംഎസ് സമാധാനപരമായി വിരമിക്കും, ധോണി വിക്കറ്റ് കീപ്പർ. സിഎസ്‌കെയുടെ ഇലവനിൽ സഞ്ജു സാംസണും ധോണിയും., സഞ്ജു ഫീൽഡിങ് ആണ് ചെയ്യുന്നത് കീപ്പിങ് അല്ലെന്ന് തോന്നുന്നു, തലയെ സിഎസ്‌കെ വിക്കറ്റ് കീപ്പറായി കാണുന്നതിൽ സന്തോഷം.’’ തുടങ്ങിയ കമന്റുകൾ അശ്വിന്റെ പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
അതേസമയം ഐപിഎലിൽ എം.എസ്. ധോണി ഇംപാക്ട് പ്ലെയറായി കളിക്കാൻ തീരുമാനിച്ചെങ്കിൽ മാത്രമേ സഞ്ജു വിക്കറ്റ് കീപ്പറാകാൻ സാധ്യതയുള്ളൂ. അല്ലെങ്കിൽ ഇത്തവണയും ധോണി തന്നെയാകും വിക്കറ്റിനു പിന്നിൽ. സഞ്ജു സാംസണിനൊപ്പം അണ്ടർ–19 ക്യാപ്റ്റൻ ആയുഷ് മാത്രേയാകും ഓപ്പണിങ്ങിൽ ചെന്നൈയുടെ കൂട്ടുകെട്ട്.
As we take the Charminar Express and head to Chennai, ( from my previous tweet) Sanju doing some fielding practice with James Foster.
Not just warm up catches, but high balls in the deep.
Indications or just gradually easing in?#ipl2026 #CSK pic.twitter.com/J1YLa8D2JW
— Ashwin 🇮🇳 (@ashwinravi99) March 21, 2026














































