ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് കൂടുമാറിയതിൽ പ്രതികരിച്ച് മുൻ ആർസിബി താരം ഫാഫ് ഡുപ്ലെസിസ് രംഗത്ത്. തനിക്ക് രാജസ്ഥാൻ റോയൽസെന്ന് കേട്ടാൽ തന്നെ സഞ്ജു സാംസണിന്റെ മുഖമാണ് മനസിലേക്ക് ഓടി വരികയെന്നും ടീമിന് അവരുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഐപിഎൽ 2026 സീസണിന് മുന്നോടിയായി ഡുപ്ലെസിസ് പ്രതികരിച്ചു.
‘ഇതുവരെയുള്ള ഐപിഎല്ലിന്റെ ചരിത്രമെടുത്തുനോക്കിയാൽ ഓരോ ടീമിനും ഓരോ ഇന്ത്യൻ താരങ്ങളുണ്ട്. ചെന്നൈയ്ക്ക് ധോണി, മുംബൈയ്ക്ക് രോഹിത്ത്, ആർസിബിക്ക് കോഹ്‌ലി, അതുപോലെ രാജസ്ഥാനെന്ന് പറയുമ്പോൾ തനിക്ക് ആദ്യം ഓർമയിൽ വരുന്നത് സഞ്ജുവിന്റെ മുഖമാണ്. സഞ്ജു ഒരു യുവതാരമാണെങ്കിലും അദ്ദേഹം ആ ഫ്രാഞ്ചൈസിയുടെ മുഖമായി മാറിയിരുന്നു. ഇപ്പോൾ രാജസ്ഥാൻ റോയൽസിന് അവരുടെ മുഖം നഷ്ടമായിരിക്കുകയാണ്. റോയൽസിന്റെ ആരാധകർക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം സഞ്ജു രാജസ്ഥാനിൽ വളരെ വലിയ റോളാണ് നിർവഹിച്ചിരുന്നത്’, ഡുപ്ലെസി പറഞ്ഞു.
അതുപോലെ സഞ്ജുവിന്റെ അഭാവത്തിൽ യശ്വസി ജയ്‌സ്വാളിന് രാജസ്ഥാനിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേരുമെന്നും ഡുപ്ലെസിസ് പറയുന്നു. ‘സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’, ഡുപ്ലെസിസ് കൂട്ടിച്ചേർത്തു.
അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻറെ ആദ്യ മത്സരം മാർച്ച് 30ന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിലാണ്. എതിരാളികൾ സഞ്ജു സാംസണിൻറെ ചെന്നൈ സൂപ്പർ കിംഗ്സ് ആണെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. സഞ്ജു ചെന്നൈയിലേക്ക് ചേക്കേറിയതോടെ പല രാജസ്ഥാൻ ആരാധകരും ചെന്നൈയിലേക്ക് കൂടുമാറ്റം നടത്തിയിരുന്നു.
View this post on Instagram














































