ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ പുതിയ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ നേതൃത്വത്തിൽ വമ്പൻ തിരിച്ചുവരവിനുള്ള കഠിനാധ്വാനത്തിലാണ് രാജസ്ഥാൻ റോയൽസ്. കൗമാരതാരം വൈഭവ് സൂര്യവംശിതന്നെയാണ് ഇത്തവണയും ഐപിഎല്ലിന്റെ ശ്രദ്ധാകേന്ദ്രം.
മാർച്ച് 30ന് അസമിലെ ബരസ്പര സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പർ കിങ്സാണ്, രാജസ്ഥാന്റെ എതിരാളികൾ. കഴിഞ്ഞ സീസണുകളിൽ ടീമിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസൺ ടീം വിട്ടതിനാൽ, ബാറ്റിങ്ങിൽ ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളുമാണ് രാജസ്ഥാന്റെ പ്രധാന പ്രതീക്ഷ. അതുപോലെ സഞ്ജുവിനെ വിട്ടുകൊടുത്തതിനു ചെന്നൈ സൂപ്പർ കിങ്സിൽനിന്നു പകരക്കാരനായിവന്ന വെറ്ററൻ താരം രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരുടെ ഓൾറൗണ്ട് മികവും രാജസ്ഥാനു കരുത്താകും.
ഇപ്പോഴിതാ രാജസ്ഥാൻ താരങ്ങളുടെ പരിശീലനമാണ് വൈറലാവുന്നത്. രവീന്ദ്ര ജഡേജയും കൗമാര താരം വൈഭവ് സൂര്യവംശിയും തമ്മിലുള്ള പോരാട്ടം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാനു വേണ്ടി അരങ്ങേറിയ വൈഭവ്, പരിശീലനത്തിലും തകർപ്പൻ ഫോമിലാണു കളിക്കുന്നത്. സീനിയർ താരമായ ജഡേജ, പല രീതിയിൽ പന്തെറിഞ്ഞുകൊടുത്തിട്ടും വമ്പനടികളും ബൗണ്ടറികളും മാത്രം ലക്ഷ്യമിട്ടായിരുന്നു വൈഭവിന്റെ പരിശീലനം. എങ്ങനെ എറിഞ്ഞിട്ടും തൂക്കിയടി ശീലിച്ച വൈഭവിന്റെ ബാറ്റിങ്ങ് കണ്ട് രവീന്ദ്ര ജഡേജ ചിരിച്ചുകൊണ്ടു നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
ഇന്ത്യയുടെ അണ്ടർ 19 താരമായ വൈഭവ്, ആഭ്യന്തര ക്രിക്കറ്റിൽ ബിഹാറിനു വേണ്ടിയാണു കളിക്കുന്നത്. കഴിഞ്ഞ സീസണിനു മുന്നോടിയായി നടന്ന ലേലത്തിൽ 1.1 കോടിക്കാണു താരം രാജസ്ഥാനിൽ ചേർന്നത്. നേരിട്ട ആദ്യ പന്തു തന്നെ സിക്സർ പറത്തിയ താരം കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരെ 35 പന്തിൽ സെഞ്ചറി നേടിയിരുന്നു. 38 പന്തുകൾ നേരിട്ട വൈഭവ് 101 റൺസാണ് ഈ മത്സരത്തിൽ അടിച്ചുകൂട്ടിയത്. ഐപിഎൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. കഴിഞ്ഞ ഐപിഎലിൽ ഏഴു മത്സരങ്ങൾ കളിച്ച താരം 206.56 സ്ട്രൈക്ക് റേറ്റിൽ 252 റൺസാണ് അടിച്ചുകൂട്ടിയത്. 24 സിക്സുകളാണ് ഒറ്റ സീസണിൽ വൈഭവിന്റെ ബാറ്റിൽനിന്ന് അതിർത്തി കടന്നത്. അതേപോലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 175 റൺസടിച്ച് കളിയിലെ താരമായിരുന്നു.
🗡️🆚🥶 pic.twitter.com/02GTC3hCcr
— Rajasthan Royals (@rajasthanroyals) March 19, 2026











































