തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാനാധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങി അലോഷ്യസ് സേവ്യർ. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അധ്യക്ഷസ്ഥാനം രാജിവെക്കാനൊരുങ്ങുന്നതെന്നാണ് വിവരം. സ്ഥാനാർഥിത്വംമുന്നിൽക്കണ്ട് പ്രചാരണ സാമഗ്രികളടക്കം തയ്യാറാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്മാർക്ക് സ്ഥാനാർഥിത്വം ലഭിച്ചിരുന്നു. വിഎസ് ജോയിയുടെ കാലം തൊട്ട് കെ.എസ്.യു. അധ്യക്ഷന്മാർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു.
എന്നാൽ, ഇത്തവണ അലോഷ്യസ് സേവ്യർക്ക് സീറ്റ് ലഭിച്ചേക്കില്ലെന്നാണ് വിവരം. ഇതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു. അധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നതെന്നാണ് വിവരം. ഇടുക്കി, പീരുമേട് സീറ്റുകളായിരുന്നു അലോഷ്യസ് സേവ്യർ നോട്ടമിട്ടിരുന്നത്. എന്നാൽ, പൂഞ്ഞാറിലേക്കായിരുന്നു അലോഷ്യസിനെ തുടക്കത്തിൽ പാർട്ടി പരിഗണിച്ചത്.
പീരുമേട്ടിൽ സിറിയക് തോമസിനെയും ഇടുക്കിയിൽ റോയ് കെ. പൗലോസിനേയും സ്ഥാനാർഥികളായി തീരുമാനിച്ചതോടെയാണ് അലോഷ്യസ് സേവ്യറെ പൂഞ്ഞാറിൽ മത്സരിപ്പിക്കാം എന്ന ആലോചനയുണ്ടായത്. എന്നാൽ പൂഞ്ഞാറിൽ സജി ജോസഫ് സ്ഥാനാർഥിയാകുമെന്ന വിവരം പുറത്തുവന്നതോടെയാണ് അലോഷ്യസ് സേവ്യറുടെ സാധ്യത മങ്ങിയത്













































