ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിനിടെ താൻ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ വീഡിയോ സന്ദേശം പുറത്ത്. പുതിയ വീഡിയോയിൽ ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമാണ് പ്രത്യക്ഷപ്പെട്ടത്.
കുറച്ചുദിവസങ്ങളായി നെതന്യാഹുവിനെ പൊതുവേദിയിൽ കാണാതിരുന്നതും പിന്നാലെ പുറത്തുവന്ന ഒരു വീഡിയോയിൽ അദ്ദേഹത്തിന് ആറ് വിരലുകൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റഡ് ദൃശ്യങ്ങൾ പ്രചരിച്ചതുമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്. പുതിയ വീഡിയോയിൽ മൈക്ക് ഹക്കബിക്കൊപ്പം നടക്കുന്ന നെതന്യാഹുവിനെ കാണാം. ഇസ്രയേൽ നേതാവ് സുരക്ഷിതനാണോ എന്ന് നേരിട്ട് പരിശോധിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ അയച്ചതാണെന്ന് മൈക്ക് ഹക്കബി തമാശയായി വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ സംഭാഷണം ഇങ്ങനെ
മൈക്ക് ഹക്കബി: മിസ്റ്റർ പ്രൈം മിനിസ്റ്റർ, താങ്കൾക്ക് സുഖമാണെന്ന് ഉറപ്പുവരുത്താൻ പ്രസിഡന്റ് എന്നെ ഇങ്ങോട്ട് അയച്ചതാണ്.
നെതന്യാഹു: അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്.
ഹക്കബി: അത് എനിക്ക് മനസ്സിലായി, അതിൽ സന്തോഷവുമുണ്ട്. നിങ്ങൾ രണ്ടുപേരും അത്ര നല്ല സൗഹൃദത്തിലായതുകൊണ്ടാണ് അദ്ദേഹം ഇത് ഉറപ്പുവരുത്താൻ പറഞ്ഞത്.
തുടർന്ന് ഇറാനിയൻ നേതാക്കളായ അലി ലാരീജാനി, ബസിജ് കമാൻഡർ ഗുലാംറേസ സുലൈമാനി എന്നിവരെ ലക്ഷ്യം വച്ച് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് നെതന്യാഹു വീഡിയോയിൽ സംസാരിച്ചു. യുഎസ് സൈന്യം ചെയ്യുന്ന കാര്യങ്ങളിൽ താൻ അഭിമാനിക്കുന്നുവെന്നും, ഇസ്രയേലിനെ തകർക്കാനും യുഎസ് നഗരങ്ങളിലേക്ക് ആണവായുധങ്ങൾ എത്തിക്കാൻ ശ്രമിക്കുന്ന ഭ്രാന്തന്മാരെ തുടച്ചുനീക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Crossing names off the list is good – doing it shoulder to shoulder with our American friends is even better.
Good to see Ambassador @GovMikeHuckabee. Always a pleasure.
🇮🇱🇺🇸 pic.twitter.com/FZrZN03IZI
— Benjamin Netanyahu – בנימין נתניהו (@netanyahu) March 17, 2026

















































