വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിന്റെ പേരിൽ യുഎസിന്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായ ജോസഫ് കെന്റ് രാജിവച്ചു. ഇറാൻ എന്ന രാജ്യം യുഎസിന് ഭീഷണി ഉയർത്തുന്നില്ലെന്നും ഇസ്രായേലിന്റെ സമ്മർദ്ദമാണ് ട്രംപിനെ യുദ്ധം ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്നും കെന്റ് തന്റെ രാജി കത്തിൽ പറഞ്ഞു.
ഈ യുദ്ധത്തെ പിന്തുണയ്ക്കാൻ നല്ല മനസ്സാക്ഷിയോടെ തനിക്ക് കഴിയില്ലെന്ന് കെന്റ് കത്തിൽ എഴുതി. “ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ എനിക്ക് നല്ല മനസ്സാക്ഷിയോടെ പിന്തുണയ്ക്കാൻ കഴിയില്ല. ഇറാൻ നമ്മുടെ രാജ്യത്തിന് ആസന്നമായ ഒരു ഭീഷണിയും ഉയർത്തിയില്ല, ഇസ്രായേലിന്റെയും അവരുടെ ശക്തമായ അമേരിക്കൻ ലോബിയുടെയും സമ്മർദ്ദം മൂലമാണ് നമ്മൾ ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണ്,” കെന്റ് പറയുന്നു.
മിഡിൽ ഈസ്റ്റിലെ യുദ്ധങ്ങൾ അമേരിക്കയുടെ ജീവൻ അപഹരിക്കുന്നുവെന്നും രാജ്യത്തിന്റെ സമ്പത്ത് ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് 2025 ജൂൺ വരെ ട്രംപിന് അറിയാമായിരുന്നു. എന്നാൽ ഇറാനുമായുള്ള യുദ്ധം പ്രോത്സാഹിപ്പിക്കുന്നതിനായി ഇസ്രായേലിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്വാധീനമുള്ള യുഎസ് മാധ്യമങ്ങളും തെറ്റായ വിവര പ്രചാരണം വഴി യുദ്ധാനുകൂല നിലപാട് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ, 79 കാരനായ പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു “എക്കോ ചേംബർ” ഉപയോഗിച്ചാണ് ഇറാൻ അമേരിക്കയ്ക്ക് അടിയന്തര ഭീഷണിയാണെന്നും അദ്ദേഹം ഇസ്ലാമിക് റിപ്പബ്ലിക്കിനെ ആക്രമിക്കണമെന്നും വിജയം വേഗത്തിലും വ്യക്തമായും സാധ്യമാകുമെന്നും പറഞ്ഞ് പ്രസിഡന്റിനെ എരുവുകയറ്റി.
നിലവിലെ സംഘർഷവും 2003 ലെ ഇറാഖ് യുദ്ധവും തമ്മിൽ സാമ്യമുണ്ട്. ഇതിൽ രണ്ടിലും വഞ്ചനയുടെ ഒരു രീതി കാണാനാകുമെന്ന് കെന്റ് ആരോപിച്ചു. ഇസ്രായേലി ഉദ്യോഗസ്ഥർ യുഎസിനെ ഇറാഖ് യുദ്ധത്തിലേക്ക് ആകർഷിക്കാൻ തെറ്റായ വിവര പ്രചാരണം ഉപയോഗിച്ചുവെന്നും ഇപ്പോൾ ഇറാനുമായുള്ള യുദ്ധത്തിനും അതേ തന്ത്രങ്ങൾ അവർ ഉപയോഗിക്കുകയാണെന്നും കെന്റ് പ്രസ്താവിച്ചു.
യുദ്ധത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ട്രംപിനോട് ആവശ്യപ്പെട്ടു. ഒന്നുകിൽ അമേരിക്കയ്ക്ക് വേണ്ടി ഒരു പുതിയ വഴിയൊരുക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും അല്ലെങ്കിൽ രാജ്യത്തെ കൂടുതൽ കുഴപ്പത്തിലേക്ക് തള്ളിവിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
“ഇറാനിൽ നമ്മൾ എന്താണ് ചെയ്യുന്നതെന്നും ആർക്കുവേണ്ടിയാണ് അത് ചെയ്യുന്നതെന്നും നിങ്ങൾ ചിന്തിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ധീരമായ നടപടിയെടുക്കേണ്ട സമയമാണിത്. നിങ്ങൾക്ക് ഗതി തിരിച്ചുവിട്ട് നമ്മുടെ രാജ്യത്തിനായി ഒരു പുതിയ പാത രൂപപ്പെടുത്താം, അല്ലെങ്കിൽ തകർച്ചയിലേക്കും കുഴപ്പങ്ങളിലേക്കും കൂടുതൽ വഴുതിവീഴാൻ നിങ്ങൾക്ക് ഞങ്ങളെ അനുവദിക്കാം. അമേരിക്കൻ ജനതയ്ക്ക് ഒരു പ്രയോജനവും നൽകാത്ത, ഇസ്രായേൽ നിർമ്മിച്ച ഈ യുദ്ധത്തിലൂടെ ഒരു പുതിയ തലമുറയെ മരിക്കാൻ അയയ്ക്കുന്നതിനെ പിന്തുണയ്ക്കാൻ കഴിയില്ല”യെന്നും കെന്റ് കൂട്ടിച്ചേർത്തു. കെന്റിന്റെ രാജിക്കത്ത് അദ്ദേഹം എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.















































