ടെഹ്റാൻ: യുദ്ധത്തിന് പൂർണ വിരാമം ഉണ്ടാക്കുന്ന ഏത് ഉദ്യമത്തെയും ഇറാൻ സ്വാഗതം ചെയ്യുന്നുവെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. പശ്ചിമേഷ്യൻ രൂക്ഷമായ യുദ്ധസാഹചര്യം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടയിലാണ് അരാഗ്ചിയുടെ പ്രസ്താവന. ഇസ്രയേലുമായുള്ള ഇപ്പോഴത്തെ യുദ്ധത്തിൽ തങ്ങൾ അയൽരാജ്യങ്ങളിലെ യാതൊരു സാധാരണക്കാരെയും താമസസ്ഥലങ്ങളെയും ലക്ഷ്യമിട്ടിട്ടില്ലെന്നും ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേലായിരിക്കാമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
യുഎഇയിൽ നിന്ന് യുഎസ് ആക്രമണം നടത്തിയതായി നേരത്തെ ഇറാൻ പറഞ്ഞിരുന്നു. ഷാഹെദ്-136 ഡ്രോണിന്റെ പുനർനാമകരണം ചെയ്ത പതിപ്പായ ലൂക്കാസ് ഉപയോഗിച്ച് യുഎസ് അനാവശ്യമായ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ ആരോപിക്കുകയും ചെയ്തു. ഗൾഫ് മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഈ ഡ്രോണുകൾ ഉപയോഗിച്ച് ഇറാനെ മനഃപൂർവം കുടുക്കാൻ ഉപയോഗിക്കുന്നു എന്ന് അരാഗ്ചി ആരോപിച്ചു. തുർക്കി, കുവൈത്ത്, ഇറാഖ് തുടങ്ങിയ അയൽരാജ്യങ്ങളിലെ നിരവധി സംശയാസ്പദമായ ആക്രമണങ്ങളെ അരാഗ്ചി ചൂണ്ടിക്കാട്ടി.
അസർബൈജാനും ഇറാനുമായുള്ള ബന്ധം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേൽ ആണെന്നും അരാഗ്ചി ആരോപിച്ചു. അതുപോലെ, സൗദി അറേബ്യയിലെ ഇറാൻ അംബാസഡർ അലിറെസ ഇനായത്തി റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമിക്കപ്പെട്ട ലക്ഷ്യങ്ങളെക്കുറിച്ച് പ്രാദേശിക രാജ്യങ്ങളുമായി ഒരു അന്വേഷണ പാനൽ രൂപവത്കരിക്കാൻ തയ്യാറാണെന്ന് ടെഹ്റാൻ പറഞ്ഞതായി ഇറാൻ മാധ്യമമായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസിനെതിരെയുള്ള പ്രതികരണം ശക്തമാക്കുമെന്ന് ഇറാനും ഇറാനിലെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനെ ഉന്നമിട്ട് കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭീഷണി മുഴക്കിയിരുന്നു.














































