കെയ്‌റോ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടി നൽകാനുള്ള അവകാശം ഇറാനുണ്ടെന്നും എന്നാൽ, അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്നും ഹമാസിന്റെ ആഹ്വാനം. പലസ്തീൻ വിഷയത്തിൽ ഹമാസിനെ അനുകൂലിക്കുന്ന രാജ്യമാണ് ഇറാൻ. നിലവിലെ യുദ്ധസാഹചര്യത്തിൽ ആദ്യമായാണ് ഹമാസ് പരസ്യ പ്രതികരണം നടത്തുന്നത്. യുദ്ധസമയത്ത് ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ആക്രമണത്തോട് പ്രതികരിക്കാനുള്ള ഇറാന്റെ അവകാശം അംഗീകരിക്കുമെങ്കിലും അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്ന് ഇറാനിലെ നമ്മുടെ സഹോദരങ്ങളോട് ആവശ്യപ്പെടുന്നുവെന്നായിരുന്നു ഹമാസിന്റെ പ്രസ്താവന. മേഖലയിലെ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുദ്ധം ഉടൻ നിർത്താനും ഹമാസ് ആഹ്വാനം ചെയ്തു.
യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുന്നതിനായി ലെബനനിലെ ഇറാൻ സഖ്യകക്ഷിയായ ഹിസ്ബുള്ള മാർച്ച് 2 ന് ഇസ്രായേലിന് നേരെ വെടിയുതിർത്തു. അതിനുശേഷം ഇസ്രായേൽ ലെബനനെ ആക്രമിക്കുകയും ഹിസ്മുള്ളയെ ലക്ഷ്യമിടുകയും ചെയ്തു. യെമനിലെ ഇറാൻ അനുകൂല ഹൂത്തികളും ടെഹ്‌റാനുമായി ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.














































