ടെഹ്റാൻ: അമേരിക്ക ഇറാൻ്റെ വൈദ്യുതി വിതരണ സംവിധാനങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകൾ മുഴുവൻ ലക്ഷ്യമിടുമെന്ന് ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനിയുടെ മറു ഭീഷണി. അമേരിക്കൻ സൈനികർ സുരക്ഷയ്ക്കായി ഓടുന്ന സാഹചര്യത്തിൽ അവരെ വേട്ടയാടാൻ ആ ഇരുട്ട് മതിയായ അവസരം നൽകുമെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
അലി ലാരിജാനിയുടെ പോസ്റ്റ് ഇങ്ങനെ-
“ഇറാന്റെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനുള്ളിൽ നമുക്ക് തകർക്കാൻ കഴിയും, പക്ഷേ നമ്മൾ അത് ചെയ്തിട്ടില്ല” എന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.ശരി, അവർ അങ്ങനെ ചെയ്താൽ, അര മണിക്കൂറിനുള്ളിൽ മുഴുവൻ മേഖലയും ഇരുട്ടിലാവും, സുരക്ഷയ്ക്കായി ഓടുന്ന യുഎസ് സൈനികരെ വേട്ടയാടാൻ ഇരുട്ട് ധാരാളം അവസരങ്ങൾ നൽകുന്നു.
നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാൻ്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് പറഞ്ഞിരുന്നു. ഇറാൻ്റെ വൈദ്യുതി ശേഷി പൂർണമായി തകർത്താൽ അത് വീണ്ടും പുനർനിർമിക്കാൻ കുറഞ്ഞത് 25 വർഷമെങ്കിലും എടുക്കും. എന്നാൽ സംഘർഷം കൂടുതൽ വഷളാകാതിരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്ക നടത്തിയ സൈനിക നടപടികൾക്ക് പിന്നാലെ ഇറാൻ്റെ സൈനിക നിലപാട് ഗണ്യമായി ദുർബലമായിരിക്കുമെന്ന് ഇറാൻ സേന പൂർണമായി തകർക്കപ്പെടുകയാണ് എന്നും ട്രംപ് അവകാശപ്പെട്ടു. ഇതിനിടെ ട്രംപിനെ നേരിട്ട് മുന്നറിയിപ്പ് നൽകി ലാരിജാനി രംഗത്തെത്തി. “നിന്നെക്കാളും ശക്തരായവർ വന്നിട്ടു പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. സൂക്ഷിക്കുക, ഇല്ലെങ്കിൽ നീ തന്നെ ഇല്ലാതാക്കപ്പെടും” എന്നാണ് അദ്ദേഹം എക്സ്-ൽ കുറിച്ചത്. ട്രംപ് ഇറാനെയും പുതിയ പരമോന്നത നേതാവായ മോജ്താബ ഖമനേയിയെയും ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾക്കു പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
അതേസമയം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ ട്രംപ് ഇറാൻ ഹോർമുസ് കടലിടുക്ക് വഴി നടക്കുന്ന എണ്ണ ഗതാഗതം തടയാൻ ശ്രമിച്ചാൽ മുൻ ആക്രമണങ്ങളെക്കാൾ ഇരുപത് മടങ്ങ് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കി. എന്തെങ്കിലും സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ഇറാനെ വീണ്ടും പുനർനിർമിക്കാൻ പോലും കഴിയാത്ത തരത്തിൽ ആക്രമണം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “മരണം, തീ, ക്രോധം അവരിലേക്ക് വീഴും. എന്നാൽ അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു,” എന്നും ട്രംപ് പറഞ്ഞു.
Trump has said “we can take apart Iran’s electric capacity within one hour, but we have not done it.”
Well, if they do that, the whole region will go dark in less than half an hour and darkness provides ample opportunity to hunt down US servicemen running for safety.
— Ali Larijani | علی لاریجانی (@alilarijani_ir) March 12, 2026



















































