കണ്ണൂർ: ബാലതാരമായി ശ്രദ്ധേയനായ നടൻ ഹരിമുരളി(27)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിലീപിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധനേടിയിരുന്നു.
നാടക- സിനിമാ നടൻ പയ്യന്നൂർ മുരളിയുടെയും പ്രസന്നയുടേയും മകനാണ്. ‘രസികന്’ പുറമേ ‘അണ്ണൻതമ്പി’, ‘മാടമ്പി’, ‘ഡോൺ’, ‘പട്ടണത്തിൽ ഭൂതം’, ‘ഉലകംചുറ്റം വാലിബൻ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടു. കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ നാടകക്യാമ്പുകളിൽ പങ്കെടുത്തതാണ് അഭിനയത്തിലേക്ക് കടക്കാൻ പ്രചോദനമായത്. ടെലിവിഷൻ പരമ്പരകളിലൂടെ സിനിമിയിലെത്തി.
എ.എം. നസീർ സംവിധാനംചെയ്ത് ദിനേഷ് പള്ളത്ത് തിരക്കഥയെഴുതിയ പരമ്പരയിലൂടേയാണ് അരങ്ങേറ്റം. ആറരവയസ്സുള്ളപ്പോഴാണ് ‘രസികനി’ലെ വേഷം ചെയ്യുന്നത്.പഠനത്തിനായി ചെറിയ ഇടവേളയെടുത്ത ശേഷം ‘അമർ അക്ബർ ആന്റണി’യിലൂടെ അഭിനയത്തിൽ തിരിച്ചെത്തി. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയൻ വേഷം ചെയ്തു.വിഷ്വൽ ഇഫക്ട്‌സ് ആൻഡ് ആനിമേഷനിൽ ബിരുദധാരിയാണ്. ബെംഗളൂരുവിലായിരുന്നു പഠനം. കൊച്ചിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. വിഷ്വൽ ഇഫക്ട്‌സ് ആർട്ടിസ്റ്റായി പ്രവൃത്തിച്ചുവരികയായിരുന്നു.
















































