തന്റെ പൊതുജീവിതത്തിലെ അഞ്ചു പതിറ്റാണ്ടിലുണ്ടായ അനുഭവങ്ങൾ അക്ഷരങ്ങൾ ആയപ്പോൾ പിറന്നതാണ് നിയോഗം എന്ന നോവൽ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദ്യ നോവലിന്റെ പ്രകാശന ചടങ്ങിൽ ആയിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. നോവൽ പ്രകാശനം ചെയ്ത ടി പത്മനാഭൻ, ആസന്ന ഭാവിയിൽ ചെന്നിത്തലയ്ക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചത് സദസ് നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു.
അതേസമയം നോവലിസ്റ്റായ രമേശ് ചെന്നിത്തലയുടെ ആദ്യ കൃതി – നിയോഗം വായനക്കാരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തിൻറെ പ്രിയപ്പെട്ട കഥാകൃത്ത് ടി. പത്മനാഭൻ സംവിധായകൻ ബ്ലസിക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. അഞ്ചു പതിറ്റാണ്ടിനിടെ പൊതുജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളുടെ സംഘർഷങ്ങളും വേദനകളും അനുഭവങ്ങളും എഴുത്തിനെ സ്വാധീനിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. പിതാവിൻറെ വേരുകൾ തേടി അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഒറ്റപ്പാലത്ത് എത്തുന്ന എയ്ഞ്ചൽ എന്ന പെൺകുട്ടിയിലൂടെ രണ്ട് സംസ്കാരങ്ങളുടെ കഥയാണ് നിയോഗം എന്ന നോവൽ. സാഹിത്യകാരൻ ജോർജ് ഓണക്കൂർ, നിരൂപകൻ പി കെ രാജശേഖരൻ, മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക് തുടങ്ങിയവർ സംസാരിച്ചു.














































