കാഠ്മണ്ഡു: നേപ്പാള്‍ പൊതു തെരഞ്ഞെടുപ്പില്‍ ജെന്‍ സി നേതാവും മുന്‍ റാപ്പറുമായ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്രതാ പാര്‍ട്ടി (ആര്‍എസ്പി) ചരിത്ര ഭൂരിപക്ഷം നേടിയാണ് ഭരണം കയ്യാളാന്‍ ഒരുങ്ങുന്നത്. നേപ്പാളിനെ പിടിച്ചുകുലുക്കിയ കഴിഞ്ഞ സെപ്റ്റംബറിലെ ജെന്‍സി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.ബാലേന്‍ എന്നറിയപ്പെടുന്ന, 35 കാരനായ ബാലേന്ദ്ര മുന്‍ റാപ്പര്‍ ഗായകനും ടെലിവിഷന്‍ താരവുമാണ്.
ഝാപ 5 മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ ( യുഎംഎല്‍) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ കെ പി ശര്‍മ ഒലിയെ ആര്‍എസ്പി നേതാവായ ബാലേന്ദ്ര ഷാ അരലക്ഷത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടി നേതാവ് ബാലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായ കെ പി ശർമ ഒലിക്ക് 18734 വോട്ടുകൾ മാത്രമാണ് നേടാനായത്.ഹിമാലയൻ രാജ്യത്തിന്റെ ആദ്യത്തെ മാധേസി പ്രധാനമന്ത്രിയും നേപ്പാളിന്റെ പാർലമെന്ററി ചരിത്രത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരിക്കും.
ഞായറാഴ്ചത്തെ ഭാഗിക ഔദ്യോഗിക ഫലങ്ങൾ അനുസരിച്ച്, ഇതുവരെ എണ്ണിയ പൊതുതെരഞ്ഞെടുപ്പിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട സീറ്റുകളിൽ ബാലേന്ദ്ര ഷായുടെ ആര്‍എസ്പിയ്ക്ക് ഭൂരിപക്ഷമുണ്ട്.
ഏകദേശം 1.9 കോടി വോട്ടർമാരുള്ള നേപ്പാളിൽ, ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കളിലാണ് ബാലേൻ ഷായുടെ സഖ്യം പ്രതീക്ഷയർപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ 60 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഏറെയും ജെന്‍ സി വോട്ടര്‍മാരായിരുന്നു.
ബാലേൻ ഷായുടെ അഴിമതിവിരുദ്ധ പ്രതിച്ഛായയാണ് യുവാക്കളെ ആകർഷിച്ചത്. പ്രക്ഷോഭത്തിന് പിന്തുണ നൽകി അദ്ദേഹം യുവാക്കൾക്കൊപ്പം നിന്നു. പ്രക്ഷോഭത്തിന്റെ പൾസ് തിരിച്ചറിഞ്ഞ് ബാലേൻ ഷാ സോഷ്യൽ മീഡിയയിലൂടെ തന്റെ കവിതകളുമായി രാഷ്ട്രീയ കാമ്പയിന് തുടക്കമിട്ടു. യുവാക്കളുടെ രോഷമാണ് ബാലേൻ ഷായുടെ പാട്ടുകളിലും കവിതകളിലും നിറഞ്ഞുനിന്നത്. ഇതോടെ, പരമ്പരാഗത പാർട്ടികളിലെ അതൃപ്തരായ യുവാക്കളുടെ വലിയ പിന്തുണ അദ്ദേഹം നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളുടെ ഫോളോവേഴ്സാണ് ബാലേൻ ഷായ്ക്കുള്ളത്.
രണ്ടാംതവണയും വിശ്വ രാജാക്കന്മാർ… ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ, ജയം 96 റൺസിന്















































