തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളന വേദിയിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് – യുഡിഎഫ് നേതാക്കൾ. പിണറായി തൻറെ നാട്ടുകാരനാണെന്ന് പറയുന്നതിൽ തനിക്കു ലജ്ജയുണ്ടെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനരോഷം ഇരമ്പുമെന്നും 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സാധാരണക്കാരുടെ ജീവിതം അനുദിനം കഷ്ടത്തിലാക്കുന്ന, യുവാക്കൾക്ക് തൊഴിൽ നൽകാത്ത, സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കാത്ത സർക്കാരിനെതിരായ ജനരോഷം ഉയരും. കണ്ണെഞ്ചിപ്പിക്കുന്ന, കോടികളുടെ എത്രത്തോളം പരസ്യം കൊടുത്താലും മുഖ്യമന്ത്രി പിണറായിയുടെ മുഖം നന്നാക്കാനാകില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ അഴിമതി ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഈ നാടിനെ കൊള്ളക്കാരിൽ നിന്ന് രക്ഷിക്കണമെന്നും പിണറായി സർക്കാർ നിലംപതിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കെ സുധാകരൻ പ്രസംഗം ആരംഭിച്ചത്. ഈ നാടിനെ നശിപ്പിച്ച് നാശത്തിൻറെ ഗർത്തത്തിലാക്കി. കഴിവും പ്രാപ്തിയും രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി. പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്. അധികാരത്തിലേക്കുള്ള യാത്രയാണ് ഇതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
അതേസമയം ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ ചോദ്യം. ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ എന്നാണ് കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനോട് ചോദിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പണമില്ലാതെ ഇങ്ങനെ വെറുതേ പ്രഖ്യാപനം നടത്താൻ പിണറായിക്ക് നാണമുണ്ടോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
ഈ പുതുയുഗ യാത്ര നടത്തിയത് കേരളത്തിലെ ജനങ്ങളാണെന്നും യുഡിഎഫ് അനായാസം അധികാരത്തിലേറുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടു. യാത്ര വൻ വിജയമാണെന്നും യുഡ എഫിൻറെ അധികാരത്തിലേക്കുള്ള യാത്രയായിരുന്നെന്നുമാണ് ശശി തരൂർ എംപി പ്രസംഗിച്ചത്. വലിയ വിജയമായ ഈ യാത്ര കോൺഗ്രസും യുഡിഎഫും അധികാരത്തിലേറുമെന്ന സന്ദേശമാണ് നൽകുന്നതെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അഭിപ്രായപ്പെട്ടത്.

















































